Click here for Malayalam Fonts

2011, നവംബർ 30, ബുധനാഴ്‌ച

ട്രെയിന്‍ പ്രണയം

"എതിര്‍ ദിശയില്‍ സമാന്തരമായി പോവുമ്പോഴും പരസ്പരം തൊടാന്‍ മറന്നില്ല, പ്രകൃതിതന്‍ ഹരിത വിരലുകള്‍ കൊണ്ട്..."

2011, നവംബർ 26, ശനിയാഴ്‌ച

വാലും കുഴലും

പന്തീരാണ്ടു കാലം   ഒപ്പം കഴിഞ്ഞാലും
നീ നീയും ഞാന്‍ ഞാനുംതന്നെയായിരിക്കുമല്ലേ....
നമ്മേക്കാള്‍ വലിയ പ്രണയമാതൃക
എന്തിനു തിരഞ്ഞു പോകുന്നു ഈ കവികള്‍.....?

2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

പടിയിറങ്ങിപ്പോകുന്ന കാലം


അക്കാദമിയിലും റീജനല്‍ തീയറ്ററിലും നാട്യഗ്രഹത്തിലും

ഐ എഫ് എഫ് ടി കാലത്ത് കൈരളി ശ്രീകളിലുമുണ്ടാവുന്ന
 
മദ്യത്തിന്റെ ഗന്ധവും
 
ഉറക്കെയുള്ള സംസാരവും
 
തുറന്ന പൊട്ടിച്ചിരിയും ഇനിയില്ല.
 
സാംസ്കാരിക നായകര്‍ക്ക് ഇനി
 
വെള്ളക്കുപ്പായവും സ്വഭാവ സര്‍ട്ടിഫിക്കറ്റും വാങ്ങാം.
 
ആദ്യം ജോസ് ചിറമ്മല്‍ ഇപ്പോഴിതാ മുല്ലനേഴിയും.
 
ഒരു കാലമാണ് പടിയിറങ്ങി പോവുന്നത്.
 
നാടകത്തിന്റേയും, കവിതയുടേയും
 
രാഷ്ട്രീയത്തിന്റേയും അരാജകത്വത്തിന്റേയും
 
ഒരസാധാരണ മിശ്രിതം നെഞ്ചിലേറ്റിയവരുടെ കാലം.
 
അവരാകാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ
 
എന്തിനോര്‍ക്കുന്നു...?
 
അറിയില്ല.
 
ഓര്‍ക്കാന്‍ വേണ്ടി ഓര്‍ക്കുന്നു..

2011, മാർച്ച് 5, ശനിയാഴ്‌ച

നിഷ്കാസിതർ

ഒരു വിലാപം പോലുമില്ലാതെ
ഒരു ജനത പടിയിറങ്ങുന്നു

വിശപ്പിന്റെ വിളികള്‍ക്ക്
യന്ത്രങ്ങള്‍ കാതോര്‍ക്കുന്നേയില്ല

നാഗരിക വെളിച്ചത്തിന്റെ നിഴല്‍പ്പരപ്പിലൂടെ
അവര്‍ നിശ്ശബ്ദരായി നടന്നു പോകുന്നു.
അവരുടെ കണ്ണിലെ കനലേറ്റാല്‍
ഈ വെളിച്ചത്തിന് തീപിടിച്ച്
ഒരു നഗരാഗ്നി തന്നെ പടര്‍ന്നേക്കാം...

പക്ഷെ കനലൊതുക്കി ഇരുളിലൂടെ
ശാന്തമായി അവര്‍ പോകുന്നു.

അഹന്തയോടെ നിയോണ്‍ വെട്ടങ്ങള്‍
പുതുയുഗങ്ങളെ കൊണ്ടാടുന്നു.

ഇവര്‍ എല്ലാവരാലും മറക്കപ്പെട്ടവര്‍
കാലത്തില്‍ നിന്നും
നിഷ്കാസനം ചെയ്യപ്പെട്ടവര്‍

ഗണിതയന്ത്രങ്ങളില്‍ അവരുടെ
സമയ സൂചികള്‍ പിന്നോട്ട് ചലിപ്പിച്ച്
ആര്‍ത്തുല്ലസിച്ച്
നഗരമവരെയാത്രയാക്കുന്നു.

നെന്‍മണി കൊഴിഞ്ഞ് കതിരു പൊന്തി
പഴുത്തു നില്‍ക്കുന്ന പാടം പോലെ
പുതു ലോകങ്ങള്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്നു.

2011, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

മറുപടി

എന്നിട്ടുമവര്‍ ചോദിക്കുന്നു*

“നിങ്ങളെന്താണ് ആത്മീയസുഖങ്ങളെക്കുറിച്ചും

രാജ്യം കൈവരിച്ച പുരോഗതിയെക്കുറിച്ചും

ഗ്ലോബൽ വില്ലേജിന്റെ ഗുണഗണങ്ങളെക്കുറിച്ചും സംസാരിക്കാത്തത്..?"

ഞാന്‍ പറഞ്ഞു.

“വരൂ ഈ തെരുവിലെ കരിഞ്ഞ ബാല്യം കാണൂ”

വഴിയരികില്‍ അവര്‍നടത്തുന്ന വിസര്‍ജ്ജനങ്ങള്‍ കാണുമ്പോള്‍

നിങ്ങള്‍ ശുചിത്വത്തെക്കുറിച്ച് ചിന്തിച്ചേക്കാം.

പക്ഷെ ഞാന്‍ ചിന്തിക്കുന്നത് അസമത്വത്തെക്കുറിച്ച് മാത്രമാണ്.


*നെരൂദയുടെ “ചില കാര്യങ്ങളുടെ വിശദീകരണം” ഓര്‍ത്തുകൊണ്ട്...  

2011, ഫെബ്രുവരി 2, ബുധനാഴ്‌ച

ഒരു വിശദീകരണം

ശിശിരത്തിൽ പൂക്കാത്തതിന്
ഒരു കിളിയും മരത്തെ
കുറ്റം പറയാറില്ല

ശിശിരം ഒരു തപസ്സാണ്.
ജീവന്‍റെ പുറംകോണുകളെ
ഉള്ളിലേക്ക് വലിച്ച്
നിറങ്ങളെ പൊലിയാന്‍ വിട്ട്
ആരവങ്ങളൊഴിഞ്ഞ്
വെറുങ്ങലിച്ച മണ്ണില്‍
ജീവന്‍ നിലനിര്‍ത്താന്‍ മാത്രം
വേരിറക്കിക്കൊണ്ടുള്ള
ഒരു തപസ്സ്

ഇതു കഴിഞ്ഞ്
വരം വാങ്ങാനോ
സ്വര്‍ഗം പൂകാനോ
ഒന്നുമല്ല.

ഇനി വരാനൊരു വസന്തമുണ്ടെങ്കില്‍
അന്ന്
ആഞ്ഞു വിരിയാന്‍ ......