Click here for Malayalam Fonts

2010, ഒക്‌ടോബർ 23, ശനിയാഴ്‌ച

അയ്യപ്പന്....


നീ ആടിത്തീർത്തത്
ഞങ്ങളുടെയെല്ലാം
അരാജക സ്വപ്നങ്ങളായിരുന്നു.

ഞങ്ങളിൽനിന്ന്
തുടച്ച് നീക്കപ്പെട്ട പ്രണയം
നിന്നിലൂടെ പടരുന്നതും
രഹസ്യമായ ഒരു നിർവ്രുതിയോടെ
ഞങ്ങൾ കണ്ടുനിന്നു.

ചലച്ചിത്രോത്സവങ്ങളിൽ,
സ്റ്റാച്യൂവിൽ, ഗാന്ധി പാർക്കിൽ
തമ്പാനൂരിലുമെല്ലാം നിന്നെ കണ്ടിട്ടും
മാറിനടന്നത്
നിന്നിലെ ആകാൻ കഴിയാതെപോയ
‘ഞങ്ങളെ’ പേടിച്ചിട്ടാണ്.

ഞങ്ങളുടെ നഷ്ടബോധം
മറക്കാനാണ് നിന്നെക്കുറിച്ചും
നിന്റെ കവിതകളെക്കുറിച്ചും
നിശ്ശബ്ദരായത്.

ഞങ്ങളുടെ, ഞങ്ങളിലില്ലാതെപോയ വികാരങ്ങൾ
നിന്റെ വരികളായതിനാൽ
ഞങ്ങൾ അവയെ സമീപിക്കാൻ ഭയപ്പെട്ടു.

ഇന്നലെ എല്ലാമരങ്ങളാലും മറ നിഷേധിക്കപ്പെട്ട്
കൂരമ്പേറ്റുവീണത് നീയല്ല;
ഒരിക്കലുമാകാതെപോയ 'ഞങ്ങളാ'ണ്......

9 അഭിപ്രായങ്ങൾ:

ചിത്രഭാനു Chithrabhanu പറഞ്ഞു...

ഇങ്ങകലെ അഹമ്മദാബാദിലെ തിരക്കിനിടയിലാണ് വാർത്ത കേൾക്കുന്നത്. അന്തരീക്ഷം സ്തഭ്ധമായി. തിരുവനന്തപുരത്തുണ്ടായിരുന്നപ്പോൾ ഒരണ്ടു തവണെ മാത്രമേ സംസാരിച്ചിട്ടുള്ളൂ... എന്നിട്ടുമെന്തേ ഈവാർത്ത തളർത്തുന്നത്...? അറിയില്ല.......... പ്രിയകവേ ഞങ്ങൾ നിന്നെ സ്നേഹിച്ചിരുന്നു.

shaji.k പറഞ്ഞു...

ആദരാഞ്ജലികള്‍ .

നന്നായിട്ടുണ്ട് കവിത ചിത്രഭാനു.

ഭാനു കളരിക്കല്‍ പറഞ്ഞു...

സത്യം. ചിത്രഭാനു. വളരെ നന്നായി ഈ ആദരാഞ്ജലി.

ജിപ്പൂസ് പറഞ്ഞു...

ഒരേ ഒരയ്യപ്പന് ആദരാഞ്ജലികള്‍.

sreekumar m s പറഞ്ഞു...

ഏത് പെട്ടിയിലാണ് -
നിന്റെ കവിതകളെ ഞങ്ങള്‍ക്കടക്കാന്‍ കഴിയുക ,
ഏത് യുഗത്തിലാണ്
ഹൃദയത്തില്‍ നീ കോറിയ മുറിവുകള്‍ ഞങ്ങള്‍ക്കുണക്കാന്‍ കഴിയുക..

തണല്‍ പറഞ്ഞു...

എന്നിട്ടുമെന്തേ കടമ്മനിട്ടയും സച്ചിദാനന്ദനും മോഹനുകൃഷ്ണനുമടക്കമുള്ള ഇഷ്ടകവികൾക്കിടയിൽ ഒരു പാവം അയ്യപ്പനെ എത്ര തിരഞ്ഞിട്ടും കാണാനാവാതെ പോയത്..?
:(

അനൂപ്‌ .ടി.എം. പറഞ്ഞു...

ഒരയ്യപ്പന്‍
ഒരേയൊരയ്യപ്പന്‍..!!

moideen angadimugar പറഞ്ഞു...

ജീവിച്ഛിരുന്നപ്പോൾ അയ്യപ്പൻ ഏവരാലും അവഗണിക്കപ്പെട്ടു.മരിച്ചു കഴിഞ്ഞപ്പോൾ എത്രപേരായിരുന്നു ആത്മമിത്രങ്ങളായി.
ആദരാഞ്ജലി നന്നായി.
വരികളിലൊക്കെ നീ..നീ..എന്ന് ആവർത്തിച്ച് കണ്ടത് അത്ര ശരിയായി തോന്നിയില്ല.

Muzafir പറഞ്ഞു...

"ഞാന്‍" ഇല്ലാതായിടത്താണ് അയ്യപ്പന്‍ ജനിച്ചത്..അയ്യപ്പന് "ഞാന്‍" സമൂഹമായ്രുന്നു..കവിതയ്ക്ക് നന്ദി സഖാവേ..