Click here for Malayalam Fonts

2010 മേയ് 26, ബുധനാഴ്‌ച

ത്രികോണം

കടലിലൊരു ത്രികോണമുണ്ടത്രേ...

കണ്ണില്‍ കാണുന്നവയെയൊക്കെ വലിച്ച്

തന്നോടു ചേര്‍ക്കുന്നൊരു ത്രികോണം!

അതിലകപ്പെട്ടവരാരും പിന്നെ ഒരിക്കലും

രക്ഷപ്പെട്ടിട്ടല്ലത്രേ.......

ഞാനപ്പോളേ നിന്നോട് പറഞ്ഞതല്ലേ

കടലും കവിതകളെഴുതാറുണ്ടെന്ന്.......?

2010 മേയ് 16, ഞായറാഴ്‌ച

മുള്ള്


ആദ്യം അത് എന്റെ ചോര തന്നെയാണെന്നാണു

കരുതിയത്.......

പിന്നെ
കുത്തിപ്പഴുത്തപ്പോളാണു അതിന്റെ നിറം മാറ്റം

കണ്ണില്‍പ്പെട്ടത്.....

മറയായിരുന്ന ചുവപ്പ് നീങ്ങി
നീലിച്ചിരിക്കുന്നു...

പ്രാണന്‍ പോകുന്ന വേദനയോടെ

ഞാനതിനെ വലിച്ചൂരി.....

അപ്പോളാണു അത് തടുത്ത് നിര്‍ത്തിയിരുന്ന

ചോരയെ.....ചുവന്ന ചൊരയെ...

ഞാന്‍ കാണുന്നത്..........

2010 മേയ് 6, വ്യാഴാഴ്‌ച

എങ്ങിനെ ?

അരിഞ്ഞ ചിറകുകളുടെ ചോരമണം

ഇതുവരെ പോയിട്ടില്ല

അഴികലാല്‍ തീര്ത്ത മുറിപ്പാടുകളുമായി

പകുതി മിടിക്കുന്നൊരു ഹൃദയത്തിന്റെ

നീറുന്ന തേങ്ങല്‍ ഇപ്പോഴും മായാതെ .....

വേദനിപ്പിക്കനായ് മിന്നിമറയുന്നു

സ്വാതന്ത്ര്യത്തിന്റെ വിദുര ചിത്രങ്ങള്‍ .

പറയാനാവാതെ പോയ തെറിവാക്കുകള്‍

നാവു പൊള്ളിച്ചുകൊണ്ടേയിരിക്കുന്നു*

പറയു വായനക്കാരീ/രാ

എങ്ങിനെയാണ് കവിത സ്വതന്ത്രയാകുക ?

2010 മേയ് 2, ഞായറാഴ്‌ച

ഇതിഹാസം


ഒടുവില്‍ ഞാനീ കെട്ട് പൊട്ടിക്കും

ആ ഒഴുക്കില്‍ നിനക്കു പിടിച്ചുനില്‍ക്കാനാവില്ല

ഒഴുകിയൊഴുകി നീ അജ്ഞാത തീരങ്ങളില്‍ ചെന്നടിയും

യുഗങ്ങളോളം മണ്ണിനടിയില്‍ തപസ്സു ചെയ്യും

ഒടുവിലൊരുനാള്‍ മഴയായി ഞാന്‍ നിന്നിലേക്ക്‌ പെയ്യും

മൃതിയില്‍നിന്ന്‍ മറ്റൊരു ജീവനിലേക്ക് നാം കുതിക്കും

പിറ്റേ ദിവസം ആ കരയില്‍ ഒരു ചുവന്ന പുഷ്പം

വിരിഞ്ഞു നില്‍പ്പുണ്ടാവും....

2010 മാർച്ച് 11, വ്യാഴാഴ്‌ച

മായാവിയും ഭൗതിക ശാസ്ത്രവും-- സാമ്യങ്ങള്‍


ഓം ഹ്രീം കുട്ടിച്ചാത്താ.......

കഴിഞ്ഞ നാലഞ്ച്‌ ശതകങ്ങളായി നമ്മെ കാത്തു രക്ഷിക്കുന്ന മായാവി നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെ.....
അനുദിനം വള ര്‍ന്നു വരുന്ന ശാസ്ത്ര പുരോഗതിയെക്കുറിച്ചാണു നാം ഇവിടെ പറയാനുദ്ദേശിക്കുന്നത്. എത്ര വലിയ കണ്ടുപിടിത്തമായാലും ശരി അത് മായാവി കഥകളിൽ മുന്നേ പറഞ്ഞ് വച്ചിട്ടുള്ളതാണ്. ഇത് ഒരു മഹാൽഭുതമല്ല എന്ന് നമുക്കറിയാം. എന്തെന്നാല്‍ വര്‍ഷങ്ങളായി നാം മായാവി കടാക്ഷത്തില്‍ കഴിയുന്നവരും അവന്റെ ത്രികാലജ്ഞാനത്തെക്കുറിച്ച് അറിവുള്ളവരുമാണല്ലോ..... എന്നാലും അജ്ഞര്‍ക്കായി നാം ആ സാമ്യങ്ങള്‍ വിവരിച്ചു കൊടുക്കണമല്ലോ...

1. മായാവി എല്ലായിടത്തും പറന്നുകളിക്കുന്ന ഒരു ചലിച്ചുകൊണ്ടിരിക്കുന്ന സംഭവമാണ് -- All molecules are in a state of vibration.


2. മായാവിയെ ഒരിക്കലും നശിപ്പിക്കാനാവില്ല --- Law of conservation of energy


3.മായാവിയെ എളുപ്പത്തില്‍ പിടിക്കാനാവില്ല --- uncertainty principle


4. മായാവീടെ കൂടെ എപ്പോഴും മന്ത്രവടി കാണും --- particle property of waves


5. കേറടാ മായാവീ കുപ്പിയില്‍ എന്നു പറഞ്ഞാല്‍ മായാവി പുകയായി കുപ്പിയില്‍ കേറും-- dual nature of particle and waves


6. ലുട്ടാപ്പീടെ കുന്തം---- vector quantity


7. ഭീം ഭോം നീളട്ടെ --- ladder or creation operator in QM


8. മന്ത്രം ചെല്ലുംപോള്‍ ലുട്ടാപ്പിക്ക് കനം കൂടി കുന്തത്തീന്നു വീഴുന്നത്--- creation of Higgs boson to produce Higgs field which gives the mass for quarks


9. കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയും ചേര്‍ന്ന കുടുംബം-- up, down and charm quarks to produce baryons


10. രാജൂനും രാധക്കും അപകടം പറ്റിയാല്‍ മായാവി ഉടന്‍ അറിയുന്നത് ---- റഡാര്‍ സംവിധാനം


11. കാര്യങ്ങള്‍ മുങ്കൂട്ടി അറിയുന്നത് --- ടാക്കിയോണുകള്‍ മുഖേന


12. ഇവിടെ നിന്നു വടി വീശിയാല്‍ ഒരുപാടകലെ ഫലം കിട്ടുന്നത്-- Quantum entanglement


13. ഡാകിനിയുടെ ചുരുണ്ട മുടി----String theory


14. മായാവിയെ അടക്കുന്ന കുപ്പി -- തമോഗര്‍ത്തം


15. മന്ത്രം ജപിച്ചാല്‍ എത്ര അകലെയെങ്കിലും മായാവി കേള്‍ക്കുന്നത്---resonance of sound


16. മായാവീടെ വാല്‍--- ധൂമകേതുക്കളുടെ burning tail


എനിയുമുണ്ട് ഒരുപാട്. പറഞ്ഞാ തീരില്ല... മായാവി വിലാസം .എല്ലാം അവന്റെ കളികളല്ലേ....

2010 മാർച്ച് 3, ബുധനാഴ്‌ച

ഹെയ്തി- ഒരു മരണം കൂടി


ദൂരദര്‍ശനത്തിന്റെ മായക്കാഴ്ച്ചകളില്‍

സുഖ ശീതള സോഫയിലൊരു

പ്രാതലിന്നാലസ്സ്യവുമായി

വെറുതേയിരിക്കുംപോള്‍

നേര്‍ക്കാഴ്ച്ചയൊന്നുള്ളില്‍ക്കയറി,

ദഹിക്കാത്ത ദോശയില്‍ക്കലര്‍ന്ന്,

വിഷംതീണ്ടി ഞാന്‍ മരിക്കുന്നു.

2010 ജനുവരി 24, ഞായറാഴ്‌ച

പര്‍വീണ്‍ സുല്‍ത്താനയുടെ ആലാപ്...

അനന്തപുരിയില്‍ നിശാഗന്ധി ഫെസ്റ്റിവെല്‍....
ഹിന്ദുസ്ഥാനി സംഗീത രാജ്ഞി പര്‍വീണ്‍ പാടുന്നു.
ആലാപ്.... ഖയാല്‍......
കാല്‍വിരലുകളിലൂടെ തരിച്ചു കയറുന്നു... സംഗീതം...
ഇല്ല ചുറ്റും ആരുമില്ലാത്ത പോലെ....
നിറഞ്ഞ് കവിഞ്ഞ്...
മനസ്സിലെ ഓരോ ഭാവങ്ങളേയും ഒപ്പിയെടുത്ത്....
അനന്തമായ സംഗീതം....


I cant feel any Thee as divine
Nor any priest nor temple
Here I will say
Not divine music..
But music is the divine.......

വാക്കുകള്‍ തുഛമാകുന്നത് ഇവിടെയാണു...
എവിടെയും അനുഭവിച്ചിട്ടില്ലാത്ത ഒരു...
നന്ദി പര്‍വീണ്‍.....നന്ദി