നീ ആടിത്തീർത്തത്
ഞങ്ങളുടെയെല്ലാം
അരാജക സ്വപ്നങ്ങളായിരുന്നു.
ഞങ്ങളിൽനിന്ന്
തുടച്ച് നീക്കപ്പെട്ട പ്രണയം
നിന്നിലൂടെ പടരുന്നതും
രഹസ്യമായ ഒരു നിർവ്രുതിയോടെ
ഞങ്ങൾ കണ്ടുനിന്നു.
ചലച്ചിത്രോത്സവങ്ങളിൽ,
സ്റ്റാച്യൂവിൽ, ഗാന്ധി പാർക്കിൽ
തമ്പാനൂരിലുമെല്ലാം നിന്നെ കണ്ടിട്ടും
മാറിനടന്നത്
നിന്നിലെ ആകാൻ കഴിയാതെപോയ
‘ഞങ്ങളെ’ പേടിച്ചിട്ടാണ്.
ഞങ്ങളുടെ നഷ്ടബോധം
മറക്കാനാണ് നിന്നെക്കുറിച്ചും
നിന്റെ കവിതകളെക്കുറിച്ചും
നിശ്ശബ്ദരായത്.
ഞങ്ങളുടെ, ഞങ്ങളിലില്ലാതെപോയ വികാരങ്ങൾ
നിന്റെ വരികളായതിനാൽ
ഞങ്ങൾ അവയെ സമീപിക്കാൻ ഭയപ്പെട്ടു.
ഇന്നലെ എല്ലാമരങ്ങളാലും മറ നിഷേധിക്കപ്പെട്ട്
കൂരമ്പേറ്റുവീണത് നീയല്ല;
ഒരിക്കലുമാകാതെപോയ 'ഞങ്ങളാ'ണ്......