Click here for Malayalam Fonts

2011, മാർച്ച് 5, ശനിയാഴ്‌ച

നിഷ്കാസിതർ

ഒരു വിലാപം പോലുമില്ലാതെ
ഒരു ജനത പടിയിറങ്ങുന്നു

വിശപ്പിന്റെ വിളികള്‍ക്ക്
യന്ത്രങ്ങള്‍ കാതോര്‍ക്കുന്നേയില്ല

നാഗരിക വെളിച്ചത്തിന്റെ നിഴല്‍പ്പരപ്പിലൂടെ
അവര്‍ നിശ്ശബ്ദരായി നടന്നു പോകുന്നു.
അവരുടെ കണ്ണിലെ കനലേറ്റാല്‍
ഈ വെളിച്ചത്തിന് തീപിടിച്ച്
ഒരു നഗരാഗ്നി തന്നെ പടര്‍ന്നേക്കാം...

പക്ഷെ കനലൊതുക്കി ഇരുളിലൂടെ
ശാന്തമായി അവര്‍ പോകുന്നു.

അഹന്തയോടെ നിയോണ്‍ വെട്ടങ്ങള്‍
പുതുയുഗങ്ങളെ കൊണ്ടാടുന്നു.

ഇവര്‍ എല്ലാവരാലും മറക്കപ്പെട്ടവര്‍
കാലത്തില്‍ നിന്നും
നിഷ്കാസനം ചെയ്യപ്പെട്ടവര്‍

ഗണിതയന്ത്രങ്ങളില്‍ അവരുടെ
സമയ സൂചികള്‍ പിന്നോട്ട് ചലിപ്പിച്ച്
ആര്‍ത്തുല്ലസിച്ച്
നഗരമവരെയാത്രയാക്കുന്നു.

നെന്‍മണി കൊഴിഞ്ഞ് കതിരു പൊന്തി
പഴുത്തു നില്‍ക്കുന്ന പാടം പോലെ
പുതു ലോകങ്ങള്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്നു.