Click here for Malayalam Fonts

2017, നവംബർ 25, ശനിയാഴ്‌ച

ബ്ലാക് മിറര്‍: വംശഹത്യക്കുള്ള നാളത്തെ ടെക്നോളജി എന്താവും ?

രണ്ടാം ലോക മഹായുദ്ധത്തിലെ സൈനികരില്‍ 75 % പേരും തങ്ങളുടെ കയ്യില റൈഫിള്‍ ഉപയോഗിച്ചില്ലത്രേ. ഉപയോഗിച്ചവരില്‍ പലരും എതിരാളിയുടെ തലക്ക് മുകളിലാണ് വെടിവച്ചത്. സ്വന്തം സ്പീഷീസിലെ ആളുകളെ കൊല്ലാനുള്ള മനുഷ്യന്റെ ആത്യന്തികമായ റസിസ്റ്റൻസ് ആണത്രേ ഇതിനു കാരണം. അതിനു ശേഷം സൈനിക പരിശീലനങ്ങളിൽ ആളുകളെ ഈ എമ്പതി ഇല്ലാതാക്കുന്നതിനുള്ള ട്രെയിനുങ്ങുകൾ ഉൾപ്പെടുത്തി. വിയറ്റ്നാം  വാർ എത്തിയപ്പോൾ അത് 15 % ലേക്ക് ചുരുങ്ങുകയും ചെയ്തു.


 ബ്ലാക് മിറര്‍ എന്ന ബ്രിട്ടീഷ് സീരീസിലെ  മെന്‍ എഗൈന്‍സ്റ്റ് ഫയര്‍ (സീസണ്‍ 3  എപ്പിസോഡ് 5 ) എന്ന കഥയിലാണ് ഇതിനെക്കുറിച്ച് പറയുന്നത് .  ബ്ലാക് മിറര്‍ ഡാര്‍ക് ടെക്നോ-ഫിക്ഷന്‍ എന്നൊക്കെ വിളിക്കാവുന്ന ജോണറില്‍ പെടും. ഓരോ എപ്പിസോഡും ഒരുമണിക്കൂര്‍ നീളുന്ന വെത്യസ്ത കഥകളാണ്. എല്ലാത്തിന്റേയും പൊതു സ്വഭാവം ഫ്യൂച്ചര്‍ ടെക്നോളജി ബാഗ്രൗണ്ടിലുള്ള കഥകളാണ്. ഉദാഹരണത്തിന് നമ്മള്‍ കണ്ട കാഴ്ചയൊക്കെ എപ്പോള്‍ വേണമെങ്കിലും ഒരു സ്ക്രീനില്‍ റിവൈന്റ് അടിച്ച് കാണാനായി ഘടിപ്പിക്കുന്ന ചിപ്പ്, ബ്രെയിന്‍ ആക്റ്റിവിറ്റികളെ കോപ്പി ചെയ്ത് സിമുലേറ്റഡ് (യഥാര്‍ഥമല്ലാത്ത) ലോകത്ത് ജീവിപ്പിക്കുന്ന ഏര്‍പ്പാട്, അങ്ങനെയങ്ങനെ. എന്നാല്‍ എല്ലാത്തിന്റേയും പ്രതിപാത്യം മനുഷ്യ ബന്ധങ്ങളും വികാരങ്ങളുമാണ്. അതുകൊണ്ട് തന്നെ വളരെ ഹോണ്ടിങ്ങ് ആയ പല പ്ലോട്ടുകളും ഇതില്‍ കാണാം.


ഈ പറഞ്ഞ എപ്പിസോഡ് കൊലപാതകങ്ങളെക്കുറിച്ചാണ് പറയുന്നത്. സ്ട്രൈപ്പ് എന്ന പ്രധാന കഥാപാത്രം ഒരു സൈനികനാണ്. റോച്ചസ് എന്ന മോണ്‍സ്റ്റര്‍ വിഭാഗങ്ങളെ തേടിപ്പിടിച്ച് കൊല്ലുകയാണ് ഇവരുടെ ജോലി. മനുഷ്യ ശരീരമുണ്ടെങ്കിലും അവരുടെ മുഖവും ശബ്ദവുമെല്ലാം വിക്രുതവും ഭീതിജനകവും വെത്യസ്തവും ആണ്. പുള്ളിയുടെ ആദ്യ മിഷനില്‍ അയാള്‍ ഒരുപാട് മോണ്‍സ്റ്ററുകളെ കൊല്ലുന്നു. അതിനിടക്ക് ഒരുത്തന്റെ കയ്യിലെ എല്‍ ഇ ഡി ഫ്ലാഷ് ലൈറ്റ് ഇയാളുടെ കണ്ണില്‍ പതിക്കുകയാണ്. അതിനു ശേഷം അയാൾക്ക് ഉറക്കത്തിലും മറ്റും വല്ലാത്ത ഡിസ്റ്റർബൻസ്  വരുന്നു.

അടുത്ത മിഷനിൽ അയാളുടെ സീനിയർ ആയ സ്ത്രീ കൊല്ലപ്പെടുന്നു. ആയാളും  കൂടെയുള്ള സ്ത്രീ കോളീഗും ചേർന്ന് പ്രതികാരത്തിനായി പോവുമ്പോൾ കാണുന്നത് ഒരു സ്ത്രീയും കുട്ടിയേയും ആണ്. കോളീഗ് അവർക്ക് നേരെ നിറയൊഴിക്കാൻ നിക്കുമ്പോൾ അയാൾ തോക്ക് തട്ടിമാറ്റി അവരെ ഇടിച്ചിടുന്നു. സത്യത്തിൽ ആ സ്ത്രീയും കുട്ടിയും റോച്ചസ് വംശക്കാരാണ്. എന്നാൽ അയാൾക്ക് ഇപ്പോൾ അവരെ കാണുമ്പോൾ മനുഷ്യരിൽ നിന്ന് ഒരു വ്യത്യാസവും തോന്നുന്നില്ല. നിങ്ങളെപ്പോലെ സാധാരണ മനുഷ്യരാണ് ഞങ്ങൾ എന്നും നിങ്ങളുടെ കാഴ്ചകളെ അവർ സ്വാധീനിച്ചിരിക്കുകയാണെന്നും ആ സ്ത്രീ അയാളോട് പറയുന്നു. പിന്നീട് അയാളെ  കോളീഗ്  വന്ന കീഴ്പ്പെടുത്തുകയും സ്ത്രീയെയും കുട്ടിയേയും കൊല്ലുകയും ചെയ്യുന്നു.

പിന്നീട് സൈക്കോളജിസ്റ് അയാൾക്ക് എല്ലാം വിശദീകരിക്കുമ്പോൾ ആണ് അയാൾക്ക് (നമുക്കും ) ഇത് മനസ്സിലാവുന്നത്. റോച്ചർ എന്നത് അധകൃതരായ ഒരു ജന സമൂഹമാണ്. അവർ ബുദ്ധിയിൽ താഴ്ന്നവർ ആണെന്നും, ആക്രമകാരികളാണെന്നുമാണ് സൈക്കോളജിസ്റ് അയാളോട് പറയുന്നത്. പോരാത്തതിന് കാൻസർ നിരക്ക് കൂടുതലായ ഇവർ വരുന്ന തലമുറയുടെ ആരോഗ്യത്തിന്  ഭീഷണിയാണെന്നും അത് നമുക്ക് അനുവദിക്കേണ്ടതുണ്ടോ എന്ന്  അയാളോടി ചോദിക്കുന്നു. മാസ്സ് (MASS ) എന്ന മിലിട്ടറി സിസ്ടത്തിലാണ് എല്ലാ സൈനികരും. ഈ മാസിന്റെ  ടെക്‌നോളജി വച്ച് മനുഷ്യന്റെ സെൻസുകളെ കൂടുതൽ ഷാർപ്പ് ആക്കാനാവും. മാത്രമല്ല അവരുടെ കാഴ്ച, കേൾവി മനം സ്പര്ശനം എന്നിവയെ ഒക്കെ മാറ്റി മറിക്കാനുമാവും. അങ്ങനെയാണ് റോച്ചർ വിഭാഗങ്ങളെ കാണുമ്പോൾ ഇത് മനുഷ്യർ അല്ലെന്നും ഇവരെ കൊല്ലുന്നതിൽ കുഴപ്പം ഇല്ലെന്നും തോന്നുന്നത്. ചോരയിൽ കുളിച്ചാലും അതിന്റെ മണമോ ഫീലോ ഉണ്ടാവില്ല. ഒരു എഫിഷ്യന്റ് മിലിട്ടറിക്ക് ഇതാണ് വേണ്ടത് എന്നാണ യാൾ പറയുന്നത്.  ഫ്‌ളാഷ് ലൈറ്റിലൂടെ  റോച്ചറുകൾ ഈ മാസിലേക്ക് വൈറസ് നെ കടത്തി വിടുകയായിരുന്നു. ഒരു കൂട്ടം ആളുകളെ വംശഹത്യക്ക് തയ്യാറാക്കുന്നതാണ്‌ ഈ MASS.

ഫിക്ഷൻ ആണെങ്കിലും വല്ലാതെ ഹോണ്ട്  ചെയ്തു ഈ കഥ. ഒരു വിഭാഗത്തെ ഇല്ലാതാക്കാൻ, അടിച്ചമർത്താൻ ഫാസിസ്റ് സ്റ്റേറ്റുകളും സമൂഹവും ഇത്തരം ടൂളുകൾ  ആണ് ഉപയോഗിക്കുന്നത്. അപരവൽക്കരണത്തിലൂടെയാണ് ഈ സമൂഹം ഒരു വിഭാഗത്തെ വെറുക്കപ്പെട്ടവരാക്കുന്നത്. അപരിചിതമായ ഒന്നിനെക്കുറിച്ച് എന്ത് നുണയും പ്രചരിപ്പിക്കാം. അതിലൂടെ ആ സമൂഹത്തോട് ഒരു പേടിയും തുടര്‍ന്ന് വെറുപ്പും ഉണ്ടാക്കാനാവും. അങ്ങനെയാകുമ്പോള്‍ അവരുടെ വേദനയോ പ്രശ്നങ്ങളോ പൊതു സമൂഹത്തിന്റെ ചെവിയില്‍ എത്തുകയില്ല. ഒരു ദളിതനെ പൊതു കിണറ്റില്‍ നിന്ന് വെള്ളം കുടിച്ചതുകൊണ്ട് തല്ലി അവാശനാക്കിയെന്ന വാര്‍ത്ത ആളുകളെ ഞട്ടികാത്തത് ഇതുകൊണ്ടാണ്. ആ സമൂഹം അനുഭവിക്കുന്ന കടുത്ത അതിക്രമങ്ങളെക്കെ ഇന്‍വിസിബിള്‍ ആവുകയും പ്രിവില്ലേജ്ഡ് ആയ സമൂഹമാണ് ദുരിതം അനുഭവിക്കുന്നത് എന്ന പൊതുബോധം ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നത് ഇങ്ങനെയാണ്.  ലോകമൊട്ടുക്ക് കാണാവുന്ന ഇസ്ലാമിക് വില്ലനൈസേഷനും മറ്റൊന്നുമല്ല കാരണം.  ജൂതരെ വെത്യസ്ത മനുഷ്യ വര്‍ഗ്ഗമായി കണ്ടില്ലായിരുന്നെങ്കില്‍ ആ വംശഹത്യ ഇത്ര എളുപ്പമാവുമായിരുന്നില്ല. ഒരുപക്ഷേ നാളെ മിലിട്ടറികള്‍ ഇതൊക്കെ പ്രാവര്‍ത്തികമാക്കാവും മതി.2017, മേയ് 1, തിങ്കളാഴ്‌ച

മുറിയിലെ കാട്ടുതീ

വിദൂരമായാണാ തീന്നാളം
അതെ കാട്ടുതീ തന്നെ. 
കാറ്റിപ്പോഴും തണുത്തിട്ടാണ്. 
തീമണക്കുന്നത് എനിക്ക് മാത്രമാണോ.. 
പെട്ടെന്ന് ചുറ്റും കത്തുന്നു, ചിതലും പുസ്തകങ്ങളും 
മണ്മറഞ്ഞ ഗുരു തന്ന ബാംസുരിയും.
ഒച്ചവച്ചയല്‍ക്കാരെ ഉണര്‍ത്തെണ്ടല്ലോ.
തീപിടിച്ച കാലത്തുണ്ടാവുമൊ ബ്രഹത്തെ
തീയെപ്പറ്റിയുള്ള കവിതയും സംഗീതവും?
ചുവരിലിരിക്കുന്ന സിസ്റ്റീന്‍ ചാപ്പൽ
ആദ സൃഷ്ടിയുടെ ചിത്രത്തിന്റെ
വലതു പുറമാകെ കത്തുന്നു.
ചാരമാവാന്‍ കൂട്ടാക്കാതെ നിര്‍ത്താതെ...
അങ്ങനെ മഹാ നഗര മധ്യത്തില്‍
പട്ടാ പാതിരക്ക്,
ബഹുനിലക്കെട്ടിടത്തില്‍ ബാക്കിയെവിടെയും
പോറലേല്‍ക്കാതെ
ഒരുമുറി എരിഞ്ഞടങ്ങി.

2016, ജനുവരി 25, തിങ്കളാഴ്‌ച

ഒരു നാള്‍- രോഹിത് വെമുല

http://media2.intoday.in/indiatoday/images/stories/vemula---facebook-and-storysize_647_011816043151.jpg
ഒരുനാള്‍ നിങ്ങളറിയും ഞാനെന്തിത്ര ക്ഷുഭിതനായെന്ന് .
പൊതു സമൂഹ തീര്‍പ്പുകള്‍ക്കനുസരിച്ച് ഞാനെന്തേ പോവാഞ്ഞതെന്ന്
 അന്ന് നിങ്ങള്‍ക്ക് മനസ്സിലാവും.
ഒരു നാള്‍ നിങ്ങള്‍ മനസ്സിലാക്കും ഞാനെന്തിന് മാപ്പു പറഞ്ഞുവെന്ന്.
ഈ വേലിക്കപ്പുറമുള്ള ചതിക്കുഴികളെ നിങ്ങളന്ന് തിരിച്ചറിയുകതന്നെ ചെയ്യും.
ഒരുനാള്‍ ചരിത്രത്തിന്റെ മഞ്ഞ താളുകളില്‍ അരണ്ട വെളിച്ചത്തില്‍ 
നിങ്ങളെന്നെ കണ്ടെത്തും.
എനിക്കിത്തിരികൂടി നല്ല ബുദ്ധി ഉണ്ടായിരുന്നേല്‍ 
എന്ന് നിങ്ങള്‍ പ്രത്യാശിക്കും.

എന്നാല്‍ അന്ന് രാത്രി നിങ്ങളെന്നെയോര്‍ക്കും,
ഒരു ചെറു പുഞ്ചിയിയടങ്ങിയ നിശ്വാസത്തോടെ
നിങ്ങളെന്നെ അടുത്തറിയും.
അന്ന് ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും.


*വിവര്‍ത്തനത്തിന്റെ നിയമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നറിയില്ല. 


2015, ഏപ്രിൽ 27, തിങ്കളാഴ്‌ച

അലച്ചില്‍


വല്ലാത്തൊരലച്ചിലാണ് നിന്നെത്തേടിയുള്ളത്.
ഇടവഴിയിലെ കിളിപ്പാട്ടുകളേയും
പാടത്തെ ദേശാടന പക്ഷികളേയും
എന്തിനു! തോടിനേയും പച്ചച്ചു നിക്കുന്ന
കറുമ്പന്‍ കുന്നിനെപ്പോലും അത് മായ്ച്ചു കളയും! 
അലഞ്ഞൊടുവില്‍ നിന്നെക്കണ്ട് അടുത്തേക്ക് വരുമ്പൊ
പാട്ടുപാടും കിളികള്‍, പറക്കും ദേശാടനക്കാര്‍,
കുത്തിയൊലിച്ചു വന്നു നനപ്പിക്കും തോട്,
നമ്മെ മടിയിലേക്കെടുത്തുവക്കും  പച്ചപ്പ്.

ചിത്രം : ഗൂഗിൾ

2012, മേയ് 6, ഞായറാഴ്‌ച

സംശയമില്ല; സ. ചന്ദ്രശേഖരനെ കൊന്നത് ഇടത് രാഷ്ട്രീയമല്ല

    വ്യക്തിപരമായി ഈ അടുത്ത കാലത്ത് സ. ടി പിയുടെ മരണത്തെപ്പോലെ വേദനാജനകമായ ഒരു സംഭവം ഉണ്ടായിട്ടില്ല. രാത്രി 1 .30  നു സ. അജയന്റെ ഒറ്റ വാക്യവും ഒട്ടേറെ മൗനവും മാത്രമുള്ള ഒരു ഫോണ്‍കോളിനു ശേഷം സ്തബ്ധമായ അന്തരീക്ഷത്തെ മറികടക്കാന്‍ അടക്കിപ്പിടിച്ച തേങ്ങലുകള്‍ക്ക് പോലും കഴിഞ്ഞില്ല. എന്തുമൊണ്ട് ഒരു നേതാവിന്റെ വിയോഗം ഇത്രകണ്ട് വൈകാരികമാകുന്നു? അതും മറ്റൊരു സ്ഥലത്തെ ഒരു പ്രാദേശിക പാര്‍ട്ടിയിലെ  നേതാവിന്റെ?


    കുന്നംകുളത്ത് ഇടതുപക്ഷ ഏകോപന സമിതിയുടെ പഠന ക്യാമ്പില്‍ വച്ചാണ് ഒഞ്ചിയംകാരെ നേരിട്ട് പരിചയപ്പെടുന്നത്.  സ. ടി പിയെയും. എം ആര്‍ മുരളിയുടെ കോണ്‍ഗ്രസ് അടിയറവിനു മുന്‍പെയാണിത്. "കുറച്ചുകൂടി സമഗ്രമായി ചിന്തിക്കാതെ പ്രാദേശികമായി എന്തിനൊരു പാര്‍ട്ടിയുണ്ടാക്കി, കുറച്ചുകൂടി ശക്തിനേടി പ്രവര്‍ത്തനം തുടങ്ങുകയല്ലേ വേണ്ടത് ?"എന്നിങ്ങനെയുള്ള എതിര്‍പ്പുകള്‍ അന്നു ഞങ്ങളില്‍ പലര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ അവരുടെ ജീവസ്സുറ്റ ഇടപെടലുകള്‍ ഞങ്ങളുടെ സംശയം നീക്കി. ഷൊര്‍ണൂരുകാരെ പോലെ അധികാരം എവിടെ കിട്ടുമോ ആ ചേരിയിലെ കൊടിച്ചായം പൂശാം എന്നു വിചാരിക്കാതെ തുടക്കത്തില്‍ തന്നെ "ഞങ്ങള്‍ ഉയര്‍ത്തുന്നത് ചെങ്കൊടി തന്നെയാണ്; ഞങ്ങളുയര്‍ത്തിപ്പിടിക്കുന്നത് വര്‍ഗ്ഗ രാഷ്ട്രീയം (class politics) തന്നെയാണ്" എന്ന് വ്യക്തമാക്കിക്കൊണ്ട് സന്ധിയില്ലാതെ പോവാന്‍ ശക്തമായ ഒരു ചട്ടക്കൂടുള്ള ഒരു പാര്‍ട്ടി നിര്‍മിക്കുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു. മറ്റ് സ്ഥലങ്ങളെലെ മധ്യവര്‍ഗ ബുദ്ധിജീവി നേതാക്കള്‍ക്ക് പകരം ഒഞ്ചിയം പാര്‍ട്ടിയിലെ നേതാക്കള്‍ തൊഴിലാളികള്‍ തന്നെയായിരുന്നു. അതായിരിക്കാം മധ്യവര്‍ഗത്തിന്റെ സ്വതസിദ്ധ സമരസ പാതയിലേക്ക് (ഷൊര്‍ണൂര്‍ പോലെ) വഴുതി വീഴാതെ സമര പാതയില്‍ തുടരാന്‍ റവല്യൂഷനറി പാര്‍ട്ടിക്ക് കഴിഞ്ഞതിനുള്ള കാരണം. ഞങ്ങള്‍ വിതരണം ചെയ്യാന്‍ കയ്യില്‍ വച്ചിരുന്ന വിദ്യാര്‍ഥി മാസികയുടെ ഒരു പതിപ്പ് വാങ്ങി ഹസ്തദാനം ചെയ്ത് പരിചയപ്പെടുമ്പോഴാണ് ഇതാണ് സ. ടിപി ചന്ദ്രശേഖരന്‍ എന്നറിയുന്നത്. ഒഞ്ചിയം സഖാക്കളെല്ലാം തന്നെ കോപ്പികള്‍ വാങ്ങുകയും പിറ്റേന്ന് വായിച്ച് അഭിപ്രായം പറയുകയും ചെയ്തത് ഞങ്ങളില്‍ ചില്ലറ ആത്മവിശ്വാസമൊന്നുമല്ല ഉണര്‍ത്തിയത്.രണ്ടു ദിവസത്തെ ഇടപഴകലുകള്‍കൊണ്ട് ഞങ്ങള്‍ക്ക് ബോധ്യമായി. അതെ, ഇവര്‍ കറകളഞ്ഞ കമ്മ്യൂണിസ്റ്റുകള്‍ തന്നെ.


  ഇടതുപക്ഷ ഏകോപന സമിതിയുടെ പിന്നെയുള്ള പോക്ക് നിരാശാജനകമഅയിരുന്നെങ്കിലും, ഒഞ്ചിയം പാര്‍ട്ടി സമരസപ്പെടാതെ നിലനിന്നു. ഏതു രാഷ്ട്രീയത്തിന്റെ സ്വാധീനമാരോപിച്ചാണോ സി പി എമ്മില്‍ നിന്നു ഇറങ്ങിയത്, ആ രാഷ്ട്രീയത്തിന്റെ പ്രധാന വക്താക്കളായ കോണ്‍ഗ്രസ്സിന്റെ സഹായത്തോടെ അധികാരത്തിലെത്തിയെ എം ആര്‍ മുരളിയെപ്പോലുള്ളവര്‍ കേരളം മുഴുവന്‍ പടരുമായിരുന്ന ഒരു ചലനത്തിനെ പിറകോട്ടടിച്ചു. എന്നാല്‍ സ. ടിപി യും മറ്റ് ഒഞ്ചിയം സഖാക്കളും എം ആര്‍ മുരളിയോ സെല്‍വരാജോ ആയിരുന്നില്ല. കോണ്‍ഗ്രസ്സ് പിന്തുണച്ച് നാണം കെടുത്തിയാല്‍ രാജി വക്കും എന്നു പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റം ആ സഖാവിനുണ്ടായിരുന്നു. കേരളമൊട്ടാകെ ഇവര്‍ കോണ്‍ഗ്രസ്സിന്റെ പക്ഷമാണെന്നു വരുത്തിതീര്‍ക്കാന്‍ സിപിഎം ശ്രമിച്ചു. അതിനുള്ള മറുപടിയായിരുന്നു ഈ പ്രസ്താവന.


 ഇടതു രാഷ്ട്രീയത്തെ സിപിഎം ഭയപ്പെടുന്നു?


   എന്തുകൊണ്ട് അബ്ദുള്ളക്കുട്ടിയോ സെല്‍വരാജോ എം ആര്‍ മുരളിയോ ഇത്രയധികം ആക്രമിക്കപ്പെടുന്നില്ല. കാരണം വലതു രാഷ്ട്രീയം സ്വീകരിച്ച അവര്‍ സിപീമ്മിനു ഒരു ദീര്‍ഘകാല ഭീഷണിയല്ല. എം ആര്‍ ഷൊര്‍ണൂരും, ശെല്‍വരാജ് നെയ്യാറ്റിങ്കരയിലും അബ്ദുള്ളക്കുട്ടി കോഴിക്കോടും ഒതുങ്ങിക്കൂടും. എന്നാല്‍ ടിപിയും മറ്റു സഖാക്കളും കേരളമാകെ പടരുക തന്നെ ചെയ്യും. കാരണം അവര്‍ ഉയര്‍ത്തുന്ന യഥാര്‍ത്ഥ ഇടതു നയങ്ങള്‍ തന്നെ. സിപീമ്മിന്റെ കപട ഇടതില്‍നിന്ന് വേറിട്ട് കേരളം യഥാര്‍ത്ഥ ഇടതില്‍ ചേക്കേറും. അതിനാല്‍ അവര്‍ ഇടതുരാഷ്ട്രീയത്തെ അങ്ങേയറ്റം ഭയക്കുന്നു.  ഒരു ഉദാഹരണം പറയാം. കേരളവര്‍മ്മ ക്യാമ്പസ്സില്‍ ഞങ്ങള്‍ ഒരുതവണ പി എസ് എഫിന്റെ (പ്രോഗ്രസ്സിവ് സ്റ്റുഡന്റ്സ് ഫെഡറേഷന്‍) ക്യാമ്പയിനിങ്ങിനു പോയി. പി എസ് എഫ് എന്നത് എസ് എഫ് ഐ യില്‍നിന്നും കെ വി എസ്സില്‍ നിന്നും ഇറങ്ങി വന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ സംഘടനയാണ്. എസ് എഫ് ഐ ടെയും എ ബി വി പിയുടേയും കെ എസ് യു വിന്റേയും  നേതാക്കള്‍ പലരും ക്യാമ്പസ്സില്‍ വന്നു പോവാറുള്ളതാണ്. അപ്പോഴൊന്നും ആരും പ്രശ്നമുണ്ടാക്കാറില്ലായിരുന്നു. ഞങ്ങള്‍ അവിടുത്തെ പരിചയമുള്ള ചില വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നതിനിടയില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ബഹളം വച്ച് പ്രിന്‍സിപ്പാളിനെ വിളിച്ച് ഞങ്ങളെ പുറത്താക്കി!  പിറ്റേ ദിവസം ഞങ്ങള്‍ക്കെതിരെ ജില്ലാ വ്യാപകമായ പ്രകടനവും നടത്തി! എബിവിപി യോടോ കെഎസ് യു വിനോടോ ഇല്ലാത്ത ശത്രുതയാണ് ഇടതു രാഷ്ട്രീയം പറയുന്ന പി എസ് എഫ് നോട് കാണിച്ചത്. ഇതിന്റെ പതിന്മടങ്ങാണ് ഒഞ്ചിയം പാര്‍ട്ടിയോട് സിപിഎം കാണിക്കുന്നത്. ഇടതു രാഷ്ട്രീയത്തെ ഭയപ്പെടുന്നത് വലത് ബൂര്‍ഷ്വാസികളും വര്‍ഗീയവാദികളുമാണെന്ന് നമ്മെ ചരിത്രം പഠിപ്പിച്ചിട്ടുള്ളതാണ്. അതിനാല്‍ സിപിഎമ്മില്‍ കുടിയേറിക്കിടക്കുന്ന വലത് ആശയ ചേരിക്ക് ഇടതുരാഷ്ട്രീയത്തെ ഭയമാണ്. കാരണം അതിന് അവരെ കടപുഴക്കിയെറിയാനുള്ള കരുത്തുണ്ട്.


സ. ചന്ദ്രശേഖരനെ കൊന്നത് ഇടതുപക്ഷക്കാരല്ല


   കാരണം  നിലനിന്നത് ഇടതു രാഷ്ട്രീയത്തിനു വേണ്ടിയായിരുന്നു. ചൂഷണങ്ങളില്ലാത്ത അന്യന്റെ സ്വരം സംഗീതം പോലെ ശ്രവിക്കുന്ന ഒരു കാലത്തെക്കുറിച്ചുള്ള സ്വപ്നം തന്നെയായിരുന്നു സ. ചന്ദ്രശേഖരനില്‍ നിറഞ്ഞിരുന്നത്. ഏതുപാര്‍ട്ടിയായിക്കൊള്ളട്ടെ ഒരു ഇടതു ചിന്താഗതിക്കാരന്  ആ സ്വപ്നത്തെ കൊല്ലാനാവില്ല. സ. ചന്ദ്രശേഖരന്‍ വലത് ആശയങ്ങളുടെ നിലനില്പ്പിനു ഒരു ഭീഷണിയായിരുന്നു. സ.ചന്ദ്രശേഖരനെ കൊന്നത് വലത് രാഷ്ട്രീയ വാദികള്‍ തന്നെയാണ്. അത് വലതു പാര്‍ട്ടികള്‍ മാത്രമല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ മുതലാളിത്ത ആശയം പ്രചരിപ്പിക്കുന്നവരുംകൂടിയാണ്.  നിര്‍ഭാഗ്യവശാല്‍ അത് പാര്‍ട്ടി നേത്രുത്വമായതിനാല്‍ പാര്‍ട്ടിയെ പ്രതി ചേര്‍ക്കാതെ വയ്യ. ആശയ സമരത്തെ അക്രമ സമരം കൊണ്ട് നേരിടുന്ന ഫാസിസ്റ്റ് രീതി തന്നെയാണവര്‍ പിന്തുടര്‍ന്നു പോരുന്നത്. തിരുത്തല്‍ ശക്തികളില്ലാതായി പാര്‍ടി ഒരു ബ്യൂറോക്രാറ്റിക് യന്ത്രമായി അധപ്പതിച്ചിരിക്കുന്നു. അത്തരം യന്ത്രം ഒരു മര്‍ദ്ദനോപകരണമായി മാറും എന്ന് വിജയന്മാഷ് പറഞ്ഞത് ഓര്‍ക്കുക. സി പി എം നേതാക്കള്‍ കൊലക്ക് കോണ്‍ഗ്രസ്സിനെ പഴിചാരുന്നത് കാണുമ്പോള്‍ ഒരേ ചേരിയിലുള്ളവര്‍ പരസ്പരം ചൂണ്ടിക്കാണിന്നുന്നപോലെയാണ് തോന്നുന്നത്. വര്‍ഷങ്ങളായി സിപിഎം പറഞ്ഞുവരുന്ന നുണയാണ് സ്. ചന്ദ്രശേഖരന്‍ വലതു ക്യാമ്പിലേക്ക് ചേക്കേറി എന്നു. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ്സുകാര്‍ എന്തിനദ്ദേഹത്തെ കൊല്ലണം. അധികാര രാഷ്ട്രീയത്തിന്റെ, മുതലാളിത്ത രാഷ്ട്രീയത്തിന്റെ ഫാസിസ്റ്റു രാഷ്ട്രീയത്തിന്റെ ദല്ലാളുകളാണ് സ. ചന്ദ്രശേഖരനെ കൊല ചെയ്തത്. ഇത് കേരളായുവത്വം തിരിച്ചറിയുക തന്നെ ചെയ്യും.


 ഒരാളെ ഇല്ലാതാക്കിയതുകൊണ്ട് അയാളുടെ ആശയത്തെ ഇല്ലാതാക്കാനാവില്ല എന്നത് ചരിത്രം നമ്മെ പഠിപ്പിച്ചതാണ്. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം കേരളത്തില്‍ ഉയര്‍ന്നു വരുന്ന യഥാര്‍ത്ഥ ഇടതുപക്ഷത്തെ ആളിപ്പടര്‍ത്തും. ഒരു ജനതയേയും കുറെക്കാലം വിഡ്ഡികളാക്കാനാവില്ല. വിജയന്മാഷ് പറഞ്ഞപോലെ അരു ബ്രേക്കിങ് പോയന്റ് വരുമ്പോള്‍ അവരുണരും. അത് ഇതാ വന്നു കഴിഞ്ഞു.
" സഖാവ് ചന്ദ്രശേഖരന് രക്താഭിവാദ്യങ്ങള്‍"

2011, നവംബർ 30, ബുധനാഴ്‌ച

ട്രെയിന്‍ പ്രണയം

"എതിര്‍ ദിശയില്‍ സമാന്തരമായി പോവുമ്പോഴും പരസ്പരം തൊടാന്‍ മറന്നില്ല, പ്രകൃതിതന്‍ ഹരിത വിരലുകള്‍ കൊണ്ട്..."

2011, നവംബർ 26, ശനിയാഴ്‌ച

വാലും കുഴലും

പന്തീരാണ്ടു കാലം   ഒപ്പം കഴിഞ്ഞാലും
നീ നീയും ഞാന്‍ ഞാനുംതന്നെയായിരിക്കുമല്ലേ....
നമ്മേക്കാള്‍ വലിയ പ്രണയമാതൃക
എന്തിനു തിരഞ്ഞു പോകുന്നു ഈ കവികള്‍.....?