Click here for Malayalam Fonts

2012, മേയ് 6, ഞായറാഴ്‌ച

സംശയമില്ല; സ. ചന്ദ്രശേഖരനെ കൊന്നത് ഇടത് രാഷ്ട്രീയമല്ല

    വ്യക്തിപരമായി ഈ അടുത്ത കാലത്ത് സ. ടി പിയുടെ മരണത്തെപ്പോലെ വേദനാജനകമായ ഒരു സംഭവം ഉണ്ടായിട്ടില്ല. രാത്രി 1 .30  നു സ. അജയന്റെ ഒറ്റ വാക്യവും ഒട്ടേറെ മൗനവും മാത്രമുള്ള ഒരു ഫോണ്‍കോളിനു ശേഷം സ്തബ്ധമായ അന്തരീക്ഷത്തെ മറികടക്കാന്‍ അടക്കിപ്പിടിച്ച തേങ്ങലുകള്‍ക്ക് പോലും കഴിഞ്ഞില്ല. എന്തുമൊണ്ട് ഒരു നേതാവിന്റെ വിയോഗം ഇത്രകണ്ട് വൈകാരികമാകുന്നു? അതും മറ്റൊരു സ്ഥലത്തെ ഒരു പ്രാദേശിക പാര്‍ട്ടിയിലെ  നേതാവിന്റെ?


    കുന്നംകുളത്ത് ഇടതുപക്ഷ ഏകോപന സമിതിയുടെ പഠന ക്യാമ്പില്‍ വച്ചാണ് ഒഞ്ചിയംകാരെ നേരിട്ട് പരിചയപ്പെടുന്നത്.  സ. ടി പിയെയും. എം ആര്‍ മുരളിയുടെ കോണ്‍ഗ്രസ് അടിയറവിനു മുന്‍പെയാണിത്. "കുറച്ചുകൂടി സമഗ്രമായി ചിന്തിക്കാതെ പ്രാദേശികമായി എന്തിനൊരു പാര്‍ട്ടിയുണ്ടാക്കി, കുറച്ചുകൂടി ശക്തിനേടി പ്രവര്‍ത്തനം തുടങ്ങുകയല്ലേ വേണ്ടത് ?"എന്നിങ്ങനെയുള്ള എതിര്‍പ്പുകള്‍ അന്നു ഞങ്ങളില്‍ പലര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ അവരുടെ ജീവസ്സുറ്റ ഇടപെടലുകള്‍ ഞങ്ങളുടെ സംശയം നീക്കി. ഷൊര്‍ണൂരുകാരെ പോലെ അധികാരം എവിടെ കിട്ടുമോ ആ ചേരിയിലെ കൊടിച്ചായം പൂശാം എന്നു വിചാരിക്കാതെ തുടക്കത്തില്‍ തന്നെ "ഞങ്ങള്‍ ഉയര്‍ത്തുന്നത് ചെങ്കൊടി തന്നെയാണ്; ഞങ്ങളുയര്‍ത്തിപ്പിടിക്കുന്നത് വര്‍ഗ്ഗ രാഷ്ട്രീയം (class politics) തന്നെയാണ്" എന്ന് വ്യക്തമാക്കിക്കൊണ്ട് സന്ധിയില്ലാതെ പോവാന്‍ ശക്തമായ ഒരു ചട്ടക്കൂടുള്ള ഒരു പാര്‍ട്ടി നിര്‍മിക്കുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു. മറ്റ് സ്ഥലങ്ങളെലെ മധ്യവര്‍ഗ ബുദ്ധിജീവി നേതാക്കള്‍ക്ക് പകരം ഒഞ്ചിയം പാര്‍ട്ടിയിലെ നേതാക്കള്‍ തൊഴിലാളികള്‍ തന്നെയായിരുന്നു. അതായിരിക്കാം മധ്യവര്‍ഗത്തിന്റെ സ്വതസിദ്ധ സമരസ പാതയിലേക്ക് (ഷൊര്‍ണൂര്‍ പോലെ) വഴുതി വീഴാതെ സമര പാതയില്‍ തുടരാന്‍ റവല്യൂഷനറി പാര്‍ട്ടിക്ക് കഴിഞ്ഞതിനുള്ള കാരണം. ഞങ്ങള്‍ വിതരണം ചെയ്യാന്‍ കയ്യില്‍ വച്ചിരുന്ന വിദ്യാര്‍ഥി മാസികയുടെ ഒരു പതിപ്പ് വാങ്ങി ഹസ്തദാനം ചെയ്ത് പരിചയപ്പെടുമ്പോഴാണ് ഇതാണ് സ. ടിപി ചന്ദ്രശേഖരന്‍ എന്നറിയുന്നത്. ഒഞ്ചിയം സഖാക്കളെല്ലാം തന്നെ കോപ്പികള്‍ വാങ്ങുകയും പിറ്റേന്ന് വായിച്ച് അഭിപ്രായം പറയുകയും ചെയ്തത് ഞങ്ങളില്‍ ചില്ലറ ആത്മവിശ്വാസമൊന്നുമല്ല ഉണര്‍ത്തിയത്.രണ്ടു ദിവസത്തെ ഇടപഴകലുകള്‍കൊണ്ട് ഞങ്ങള്‍ക്ക് ബോധ്യമായി. അതെ, ഇവര്‍ കറകളഞ്ഞ കമ്മ്യൂണിസ്റ്റുകള്‍ തന്നെ.


  ഇടതുപക്ഷ ഏകോപന സമിതിയുടെ പിന്നെയുള്ള പോക്ക് നിരാശാജനകമഅയിരുന്നെങ്കിലും, ഒഞ്ചിയം പാര്‍ട്ടി സമരസപ്പെടാതെ നിലനിന്നു. ഏതു രാഷ്ട്രീയത്തിന്റെ സ്വാധീനമാരോപിച്ചാണോ സി പി എമ്മില്‍ നിന്നു ഇറങ്ങിയത്, ആ രാഷ്ട്രീയത്തിന്റെ പ്രധാന വക്താക്കളായ കോണ്‍ഗ്രസ്സിന്റെ സഹായത്തോടെ അധികാരത്തിലെത്തിയെ എം ആര്‍ മുരളിയെപ്പോലുള്ളവര്‍ കേരളം മുഴുവന്‍ പടരുമായിരുന്ന ഒരു ചലനത്തിനെ പിറകോട്ടടിച്ചു. എന്നാല്‍ സ. ടിപി യും മറ്റ് ഒഞ്ചിയം സഖാക്കളും എം ആര്‍ മുരളിയോ സെല്‍വരാജോ ആയിരുന്നില്ല. കോണ്‍ഗ്രസ്സ് പിന്തുണച്ച് നാണം കെടുത്തിയാല്‍ രാജി വക്കും എന്നു പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റം ആ സഖാവിനുണ്ടായിരുന്നു. കേരളമൊട്ടാകെ ഇവര്‍ കോണ്‍ഗ്രസ്സിന്റെ പക്ഷമാണെന്നു വരുത്തിതീര്‍ക്കാന്‍ സിപിഎം ശ്രമിച്ചു. അതിനുള്ള മറുപടിയായിരുന്നു ഈ പ്രസ്താവന.


 ഇടതു രാഷ്ട്രീയത്തെ സിപിഎം ഭയപ്പെടുന്നു?


   എന്തുകൊണ്ട് അബ്ദുള്ളക്കുട്ടിയോ സെല്‍വരാജോ എം ആര്‍ മുരളിയോ ഇത്രയധികം ആക്രമിക്കപ്പെടുന്നില്ല. കാരണം വലതു രാഷ്ട്രീയം സ്വീകരിച്ച അവര്‍ സിപീമ്മിനു ഒരു ദീര്‍ഘകാല ഭീഷണിയല്ല. എം ആര്‍ ഷൊര്‍ണൂരും, ശെല്‍വരാജ് നെയ്യാറ്റിങ്കരയിലും അബ്ദുള്ളക്കുട്ടി കോഴിക്കോടും ഒതുങ്ങിക്കൂടും. എന്നാല്‍ ടിപിയും മറ്റു സഖാക്കളും കേരളമാകെ പടരുക തന്നെ ചെയ്യും. കാരണം അവര്‍ ഉയര്‍ത്തുന്ന യഥാര്‍ത്ഥ ഇടതു നയങ്ങള്‍ തന്നെ. സിപീമ്മിന്റെ കപട ഇടതില്‍നിന്ന് വേറിട്ട് കേരളം യഥാര്‍ത്ഥ ഇടതില്‍ ചേക്കേറും. അതിനാല്‍ അവര്‍ ഇടതുരാഷ്ട്രീയത്തെ അങ്ങേയറ്റം ഭയക്കുന്നു.  ഒരു ഉദാഹരണം പറയാം. കേരളവര്‍മ്മ ക്യാമ്പസ്സില്‍ ഞങ്ങള്‍ ഒരുതവണ പി എസ് എഫിന്റെ (പ്രോഗ്രസ്സിവ് സ്റ്റുഡന്റ്സ് ഫെഡറേഷന്‍) ക്യാമ്പയിനിങ്ങിനു പോയി. പി എസ് എഫ് എന്നത് എസ് എഫ് ഐ യില്‍നിന്നും കെ വി എസ്സില്‍ നിന്നും ഇറങ്ങി വന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ സംഘടനയാണ്. എസ് എഫ് ഐ ടെയും എ ബി വി പിയുടേയും കെ എസ് യു വിന്റേയും  നേതാക്കള്‍ പലരും ക്യാമ്പസ്സില്‍ വന്നു പോവാറുള്ളതാണ്. അപ്പോഴൊന്നും ആരും പ്രശ്നമുണ്ടാക്കാറില്ലായിരുന്നു. ഞങ്ങള്‍ അവിടുത്തെ പരിചയമുള്ള ചില വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നതിനിടയില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ബഹളം വച്ച് പ്രിന്‍സിപ്പാളിനെ വിളിച്ച് ഞങ്ങളെ പുറത്താക്കി!  പിറ്റേ ദിവസം ഞങ്ങള്‍ക്കെതിരെ ജില്ലാ വ്യാപകമായ പ്രകടനവും നടത്തി! എബിവിപി യോടോ കെഎസ് യു വിനോടോ ഇല്ലാത്ത ശത്രുതയാണ് ഇടതു രാഷ്ട്രീയം പറയുന്ന പി എസ് എഫ് നോട് കാണിച്ചത്. ഇതിന്റെ പതിന്മടങ്ങാണ് ഒഞ്ചിയം പാര്‍ട്ടിയോട് സിപിഎം കാണിക്കുന്നത്. ഇടതു രാഷ്ട്രീയത്തെ ഭയപ്പെടുന്നത് വലത് ബൂര്‍ഷ്വാസികളും വര്‍ഗീയവാദികളുമാണെന്ന് നമ്മെ ചരിത്രം പഠിപ്പിച്ചിട്ടുള്ളതാണ്. അതിനാല്‍ സിപിഎമ്മില്‍ കുടിയേറിക്കിടക്കുന്ന വലത് ആശയ ചേരിക്ക് ഇടതുരാഷ്ട്രീയത്തെ ഭയമാണ്. കാരണം അതിന് അവരെ കടപുഴക്കിയെറിയാനുള്ള കരുത്തുണ്ട്.


സ. ചന്ദ്രശേഖരനെ കൊന്നത് ഇടതുപക്ഷക്കാരല്ല


   കാരണം  നിലനിന്നത് ഇടതു രാഷ്ട്രീയത്തിനു വേണ്ടിയായിരുന്നു. ചൂഷണങ്ങളില്ലാത്ത അന്യന്റെ സ്വരം സംഗീതം പോലെ ശ്രവിക്കുന്ന ഒരു കാലത്തെക്കുറിച്ചുള്ള സ്വപ്നം തന്നെയായിരുന്നു സ. ചന്ദ്രശേഖരനില്‍ നിറഞ്ഞിരുന്നത്. ഏതുപാര്‍ട്ടിയായിക്കൊള്ളട്ടെ ഒരു ഇടതു ചിന്താഗതിക്കാരന്  ആ സ്വപ്നത്തെ കൊല്ലാനാവില്ല. സ. ചന്ദ്രശേഖരന്‍ വലത് ആശയങ്ങളുടെ നിലനില്പ്പിനു ഒരു ഭീഷണിയായിരുന്നു. സ.ചന്ദ്രശേഖരനെ കൊന്നത് വലത് രാഷ്ട്രീയ വാദികള്‍ തന്നെയാണ്. അത് വലതു പാര്‍ട്ടികള്‍ മാത്രമല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ മുതലാളിത്ത ആശയം പ്രചരിപ്പിക്കുന്നവരുംകൂടിയാണ്.  നിര്‍ഭാഗ്യവശാല്‍ അത് പാര്‍ട്ടി നേത്രുത്വമായതിനാല്‍ പാര്‍ട്ടിയെ പ്രതി ചേര്‍ക്കാതെ വയ്യ. ആശയ സമരത്തെ അക്രമ സമരം കൊണ്ട് നേരിടുന്ന ഫാസിസ്റ്റ് രീതി തന്നെയാണവര്‍ പിന്തുടര്‍ന്നു പോരുന്നത്. തിരുത്തല്‍ ശക്തികളില്ലാതായി പാര്‍ടി ഒരു ബ്യൂറോക്രാറ്റിക് യന്ത്രമായി അധപ്പതിച്ചിരിക്കുന്നു. അത്തരം യന്ത്രം ഒരു മര്‍ദ്ദനോപകരണമായി മാറും എന്ന് വിജയന്മാഷ് പറഞ്ഞത് ഓര്‍ക്കുക. സി പി എം നേതാക്കള്‍ കൊലക്ക് കോണ്‍ഗ്രസ്സിനെ പഴിചാരുന്നത് കാണുമ്പോള്‍ ഒരേ ചേരിയിലുള്ളവര്‍ പരസ്പരം ചൂണ്ടിക്കാണിന്നുന്നപോലെയാണ് തോന്നുന്നത്. വര്‍ഷങ്ങളായി സിപിഎം പറഞ്ഞുവരുന്ന നുണയാണ് സ്. ചന്ദ്രശേഖരന്‍ വലതു ക്യാമ്പിലേക്ക് ചേക്കേറി എന്നു. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ്സുകാര്‍ എന്തിനദ്ദേഹത്തെ കൊല്ലണം. അധികാര രാഷ്ട്രീയത്തിന്റെ, മുതലാളിത്ത രാഷ്ട്രീയത്തിന്റെ ഫാസിസ്റ്റു രാഷ്ട്രീയത്തിന്റെ ദല്ലാളുകളാണ് സ. ചന്ദ്രശേഖരനെ കൊല ചെയ്തത്. ഇത് കേരളായുവത്വം തിരിച്ചറിയുക തന്നെ ചെയ്യും.


 ഒരാളെ ഇല്ലാതാക്കിയതുകൊണ്ട് അയാളുടെ ആശയത്തെ ഇല്ലാതാക്കാനാവില്ല എന്നത് ചരിത്രം നമ്മെ പഠിപ്പിച്ചതാണ്. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം കേരളത്തില്‍ ഉയര്‍ന്നു വരുന്ന യഥാര്‍ത്ഥ ഇടതുപക്ഷത്തെ ആളിപ്പടര്‍ത്തും. ഒരു ജനതയേയും കുറെക്കാലം വിഡ്ഡികളാക്കാനാവില്ല. വിജയന്മാഷ് പറഞ്ഞപോലെ അരു ബ്രേക്കിങ് പോയന്റ് വരുമ്പോള്‍ അവരുണരും. അത് ഇതാ വന്നു കഴിഞ്ഞു.
" സഖാവ് ചന്ദ്രശേഖരന് രക്താഭിവാദ്യങ്ങള്‍"