Click here for Malayalam Fonts

2011, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

മറുപടി

എന്നിട്ടുമവര്‍ ചോദിക്കുന്നു*

“നിങ്ങളെന്താണ് ആത്മീയസുഖങ്ങളെക്കുറിച്ചും

രാജ്യം കൈവരിച്ച പുരോഗതിയെക്കുറിച്ചും

ഗ്ലോബൽ വില്ലേജിന്റെ ഗുണഗണങ്ങളെക്കുറിച്ചും സംസാരിക്കാത്തത്..?"

ഞാന്‍ പറഞ്ഞു.

“വരൂ ഈ തെരുവിലെ കരിഞ്ഞ ബാല്യം കാണൂ”

വഴിയരികില്‍ അവര്‍നടത്തുന്ന വിസര്‍ജ്ജനങ്ങള്‍ കാണുമ്പോള്‍

നിങ്ങള്‍ ശുചിത്വത്തെക്കുറിച്ച് ചിന്തിച്ചേക്കാം.

പക്ഷെ ഞാന്‍ ചിന്തിക്കുന്നത് അസമത്വത്തെക്കുറിച്ച് മാത്രമാണ്.


*നെരൂദയുടെ “ചില കാര്യങ്ങളുടെ വിശദീകരണം” ഓര്‍ത്തുകൊണ്ട്...  

2011, ഫെബ്രുവരി 2, ബുധനാഴ്‌ച

ഒരു വിശദീകരണം

ശിശിരത്തിൽ പൂക്കാത്തതിന്
ഒരു കിളിയും മരത്തെ
കുറ്റം പറയാറില്ല

ശിശിരം ഒരു തപസ്സാണ്.
ജീവന്‍റെ പുറംകോണുകളെ
ഉള്ളിലേക്ക് വലിച്ച്
നിറങ്ങളെ പൊലിയാന്‍ വിട്ട്
ആരവങ്ങളൊഴിഞ്ഞ്
വെറുങ്ങലിച്ച മണ്ണില്‍
ജീവന്‍ നിലനിര്‍ത്താന്‍ മാത്രം
വേരിറക്കിക്കൊണ്ടുള്ള
ഒരു തപസ്സ്

ഇതു കഴിഞ്ഞ്
വരം വാങ്ങാനോ
സ്വര്‍ഗം പൂകാനോ
ഒന്നുമല്ല.

ഇനി വരാനൊരു വസന്തമുണ്ടെങ്കില്‍
അന്ന്
ആഞ്ഞു വിരിയാന്‍ ......