Click here for Malayalam Fonts

2010, ഒക്‌ടോബർ 23, ശനിയാഴ്‌ച

അയ്യപ്പന്....


നീ ആടിത്തീർത്തത്
ഞങ്ങളുടെയെല്ലാം
അരാജക സ്വപ്നങ്ങളായിരുന്നു.

ഞങ്ങളിൽനിന്ന്
തുടച്ച് നീക്കപ്പെട്ട പ്രണയം
നിന്നിലൂടെ പടരുന്നതും
രഹസ്യമായ ഒരു നിർവ്രുതിയോടെ
ഞങ്ങൾ കണ്ടുനിന്നു.

ചലച്ചിത്രോത്സവങ്ങളിൽ,
സ്റ്റാച്യൂവിൽ, ഗാന്ധി പാർക്കിൽ
തമ്പാനൂരിലുമെല്ലാം നിന്നെ കണ്ടിട്ടും
മാറിനടന്നത്
നിന്നിലെ ആകാൻ കഴിയാതെപോയ
‘ഞങ്ങളെ’ പേടിച്ചിട്ടാണ്.

ഞങ്ങളുടെ നഷ്ടബോധം
മറക്കാനാണ് നിന്നെക്കുറിച്ചും
നിന്റെ കവിതകളെക്കുറിച്ചും
നിശ്ശബ്ദരായത്.

ഞങ്ങളുടെ, ഞങ്ങളിലില്ലാതെപോയ വികാരങ്ങൾ
നിന്റെ വരികളായതിനാൽ
ഞങ്ങൾ അവയെ സമീപിക്കാൻ ഭയപ്പെട്ടു.

ഇന്നലെ എല്ലാമരങ്ങളാലും മറ നിഷേധിക്കപ്പെട്ട്
കൂരമ്പേറ്റുവീണത് നീയല്ല;
ഒരിക്കലുമാകാതെപോയ 'ഞങ്ങളാ'ണ്......

2010, ഓഗസ്റ്റ് 29, ഞായറാഴ്‌ച

ശില്‍പി

നിന്നോടോരോതവണയും
പറയാന്‍ ബാക്കിവച്ച വാക്കുകള്‍
എന്‍റെ കൊട്ടാരത്തിലെ
കരിങ്കല്‍ തൂണുകളായി മാറും.

പങ്കിടാന്‍ മറന്ന നിശ്ശബ്ദത
അറ്റമെത്താത്ത മേല്‍ക്കൂരകളായും;

അയക്കാന്‍ മടിച്ച നോട്ടങ്ങള്‍
നിറഞ്ഞു കവിയുന്ന വെള്ളിച്ചില്ലുകളായും;

കയറാതിരുന്ന സ്വപ്നങ്ങള്‍
തിളങ്ങുന്ന മടക്ക് ഗോവണികളായും;

എഴുതാതെപോയ കവിതകള്‍
സ്ഫടികച്ചുമരുകളായും മാറും.

അന്ന് നിന്നെ ഞാന്‍
എന്‍റെ കൊട്ടാരത്തിലേക്ക് ക്ഷണിക്കും.
18/5/06

2010, ജൂൺ 28, തിങ്കളാഴ്‌ച

കല്ലുകള്‍ കഥ പറയുമ്പോള്‍…..

ലൂമിനസൻസ് ഡേറ്റിങ്ങ്- കാലഗണനക്കൊരു പുതിയ മുഖം
ഇന്നലെകളെ അറിയുക എന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷികമായ ഒന്നാണ്. ഭാവി എന്നത് പ്രവചനവും വർത്തമാനം എന്നത് ക്ഷണികവും ആയതിനാല്‍ വിശാലമായ ഒരു പ്രപഞ്ച വീക്ഷണം ഇവയികൂടെ സാദ്ധ്യമല്ല. വലിയൊരു കാലയളവിലൂടെ നമുക്ക് പ്രപഞ്ചത്തെ നോക്കിക്കാണാവുന്നത് ഇന്നലെകളിൽ മാത്രമാണ്. അതിനായി കാലഗണനാ ശാസ്ത്രം അതിന്റെ പുതു വഴികൾ അന്വേഷിച്ച്കൊണ്ടിരിക്കുകയാണ്. ഒരുപാട് കാലഗണനാ വിദ്യകൾ(Dating methods) നാം ഉപയോഗിച്ചു വരുന്നു. റേഡിയോകാർബൺ, പൊട്ടാസ്യം ആർഗ്ഗൺ രീതി, യുറേനിയം തോറിയം രീതി.. തുടങ്ങിയവ. ആ ശ്രേണിയിൽ അവസാനം ജന്മമെടുത്ത വിദ്യയാണ് പ്രകാശ/ താപ ഉത്തേജിത ദീപ്തന കാലഗണന ( Optically/ thermally stimulated luminescence dating –OSL/ TL-Dating)
“ പ്രപഞ്ചം അതിന്റെ ചരിത്രം സ്വയം രേഖപ്പെടുത്തിക്കോണ്ടേയിരിക്കുന്നു“
പ്രപഞ്ചം ഓരോ മണൽത്തരികലിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചിരിക്കുന്നു. ഇത് ഒരു ആലങ്കാരിക പ്രയോഗം മാത്രമല്ല. കാരണം ലൂമിനസൻസ് ഡേറ്റിങ്ങിൽ നാം ഉപയോഗിക്കുന്നത് മണൽത്തരികളെയാണ് ! ഇവിടെ ഓരോ മണൽത്തരികൾക്കും ഓരോ കഥ പറയാനുണ്ട്. അവ ചരിത്രത്തെ പ്രകാശമായി ഹൃദയത്തിൽ സൂക്ഷിക്കുന്നു !.
ഭൂമിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സംയുക്തങ്ങളാണ് ക്വാർട്സും(വെള്ളാരങ്കല്ല്) ഫെൽഡ്സ്പാറും.


Quartz

ഭൌമ നിക്ഷേപങ്ങളിലും ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഇവ തന്നെ. അതിനാൽ ഈ നിക്ഷേപങ്ങളുടെ പഠനത്തിനു ഭൂമിയെക്കുറിച്ച് പറയാനേറെയാണ്. കാർബൺ ഡേറ്റിങ്ങിന് ഓർഗാനിക് വസ്തുക്കളുടെ പ്രായമളക്കാനേ കഴിയൂ. അതും ചുരുങ്ങിയ കാലയളവിൽ (50000 വർഷം; ഭൌമശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ ചെറുതാണ്). ഭൌമ നിക്ഷേപങ്ങളെക്കുറിച്ചുള്ള പഠനത്തിൽ വിപ്ലവകരമായ മുന്നേറ്റമാണ് ലൂമിനസൻസ് ഡേറ്റിങ്ങ് വരുത്തുന്നത്. മറ്റ് രീതികൾ ക്രിസ്റ്റൽ രൂപീകരണ സമയം തരുമ്പോൾ ലൂമിനസൻസ് കാലഗണന തരുന്നത് ഭൌമ നിക്ഷേപ സമയമാണ്. ഒരഗ്നിപർവ്വത വിസ്ഫോടനം മൂലമുണ്ടായ ചാര നിക്ഷേപത്തിന്റെ (ash deposit) പ്രായം കണക്കാക്കുകയാണെന്ന് വിചാരിക്കുക. യുറേനിയം തോറിയം പോലുള്ള രീതികൾ തരുന്നത് പ്രസ്തുത സംയുക്തങ്ങളുടെ ക്രിസ്റല്‍ രൂപീകരണ സമയമാണ്. എന്നാൽ ലൂമിനസൻസ് Dating തരുന്നത് വിസ്ഫോടന സമയവും. ഇതാണ് ലൂമിനസൻസ് Dating ന്റെ പ്രസക്തിയും
ലൂമിനസൻസ് ഡേറ്റിങ്ങ് എങ്ങിനെ പ്രവർത്തിക്കുന്നു.?
ഒരു ബീക്കർ സങ്കൽ‌പ്പിക്കുക. ആ ബീക്കറിൽ വർഷങ്ങളായി തുടർച്ചയായി ഒരേ നിരക്കിൽ വെള്ളം വീണുകൊണ്ടിരിക്കുന്നു. Ai എന്നത് ബീക്കറിന്റെ ആദ്യ ജലനിരപ്പാണെന്ന് വിചാരിക്കുക (വെള്ളം വീഴാൻ തുടങ്ങുന്നതിൻ മുൻപുള്ള നിരപ്പ്.) എളുപ്പത്തിനായി ഈ നിരപ്പ് പൂജ്യം എന്ന് കണക്കാക്കാം. അതായത് വെള്ളം വീഴാൻ തുടങ്ങുന്നതിൻ മുമ്പ് ബീക്കർ ശൂന്യമായിരുന്നു. Af എന്നത് ഇപ്പോഴത്തെ നിരക്ക് നമുക്ക് അളക്കാവുന്നതാണല്ലോ. വെള്ളം വീഴുന്നതിന്റെ നിരക്ക് നമുക്ക് D എന്നു പറയാം.
ഉദാഹരണത്തിന് ഈ ബീക്കർ നോക്കുക. ആദ്യ നിരക്ക് (Ai) പൂജ്യവും അവസാന നിരക്ക് (Ai) 125 ml ഉം ആണെന്നു കാണാമല്ലോ. D എന്നത് 1 ml/year ആണെന്ന് വിചാരിക്കുക. ഇതിൽനിന്ന് ബീക്കറിൽ വെള്ളം വീഴാൻ തുടങ്ങിയത് 125 കൊല്ലം മുമ്പാണെന്ന് എളുപ്പത്തിൽ മനസിലാക്കാമല്ലോ.
പ്രായം = (Ai – Af)/ D എന്ന ലളിതമായ സമവാക്യം മതി പ്രായം കണക്കക്കാൻ
എന്നാൽ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യ നിരപ്പ് പൂജ്യം ആണെന്ന് നമുക്ക് ഉറപ്പ് വരുത്തേണ്ടതുണ്ട്. രണ്ടാമതായി നമുക്ക് അറിയാത്ത ഒരു ചോർച്ചയോ മറ്റ് ജലപ്രവാഹങ്ങളോ ബീക്കറിൽ നടക്കാൻ പാടില്ല.
ഇതേ തത്വമാണ് ലൂമിനസൻസ് ഡേറ്റിങ്ങിൽ (OSL/ TL-Dating) ഉപയോഗിക്കുന്നത്. ബീക്കർ എന്നത് നമ്മുടെ മണൽത്തരിയാണ്. വെള്ളമോ ചുറ്റുമുള്ള റേഡിയോ ആക്ടീവ് മൂലകങ്ങൾ ഉത്സർജ്ജിക്കുന്ന ഉന്നത ഊർജ്ജ കണങ്ങൾ സ്രിഷ്ടിക്കുന്ന ഊർജ്ജവും (Dose)
നമുക്കറിയാം, റേഡിയോ ആക്ടീവ് മൂലകങ്ങൾ ആൽഫ, ബീറ്റ, ഗാമ എന്നീ വികിരണങ്ങൾ ഉത്സർജ്ജിക്കുന്നു എന്ന്. ഇവ ക്രിസ്റ്റലിൽ ഇടിച്ചിറങ്ങുമ്പോൾ ക്രിസ്റ്റലിലെ വാലൻസ് ബാൻഡിൽ ( band of bounded electrons) നിന്നും എലക്ട്രോണുകൾ കണ്ടക്ഷൻ ബാൻഡിലേക്ക് (band of conduction or free electrons) പോവുന്നു. ഇവ ക്രിസ്റ്റലിലെ ന്യൂനതകളിൽ (crystal defects) അകപ്പെടുന്നു (trapping). ഇത്തരം ന്യൂനതകൾ വാലൻസ് ബാൻഡിന്റേയും കണ്ടക്ഷൻ ബാൻഡിന്റേയും ഇടയിലുള്ള forbidden gap ലെ ഊർജ്ജ നിലകളിലാണ് സ്ഥിതി ചെയ്യുന്നത്. കാലങ്ങളോളം ഈ ഇലക്ട്രോണുകൾ പ്രസ്തുത ന്യൂനതകളിൽ കഴിയുന്നു. നാം തപ/പ്രകാശ ഊർജ്ജം കൊടുക്കുമ്പോൾ അവ ന്യൂനതകളിൽനിന്നും രക്ഷപ്പെട്ട് (de trapping) കണ്ടക്ഷൻ ബാൻഡിൽ വരികയും ദീപ്തന കേന്ദ്രങ്ങളിൽ (luminescence centre) വന്ന് പതിച്ച് പ്രകാശം ഉത്സർജ്ജിക്കുകയും ചെയ്യുന്നു. ചിത്രം നോക്കുക.
T – Trap L- Luminescence centre
i) അയോണീകരണം- ആൽഫ, ബീറ്റ, ഗാമ രശ്മികൾ ഇലക്ട്രോണുകളെ സ്വതന്ത്രമാക്കുന്നു. അവ ട്രാപ്പുകളിൽ ഉൾപ്പെടുന്നു.
ii) എലക്ട്രോണുകൾ ന്യൂനതകളിൽ നിരവധി കാലം കഴിയുന്നു.
iii) ദീപ്തന പ്രവർത്തനം- താപ/ പ്രകാശ ഊർജ്ജം ഉപയോഗിച്ച് എലക്ട്രോണുകളെ മോചിപ്പിക്കുകയും ആ ഇലക്ട്രോണുക്കൾ ദീപ്തന കേന്ദ്രങ്ങളിൽ (luminescence centre) വീണ് പ്രകാശം ഉത്സർജ്ജിക്കുകയും ചെയ്യുന്നു.
ഉത്സർജ്ജിക്കുന്ന മൊത്തം പ്രകാശത്തിന്റെ അളവ് ക്രിസ്റ്റൽ ആഗിരണം ചെയ്ത ഊർജ്ജത്തിന് (Dose) നേർ അനുപാതത്തിലായിരിക്കും. ഇതിൽ നിന്ന് നമുക്ക് ഈ മുഴുവൻ കാലയളവിലുമായി ക്രിസ്റ്റൽ ആഗിരണം ചെയ്ത ഡോസ് കണക്കാക്കാവുന്നതാണ്. ഇതാണ് നമ്മുടെ (Ai-Af). TL/OSL reader ഉപയോഗിച്ച് ഇത് കണ്ടെത്താനാകും. ഭൌമ നിക്ഷേപത്തിലെ യുറേനിയം, തോറിയം, പൊട്ടാസ്യം തുടങ്ങിയ റേഡിയോ ആക്ടീവ് ഐസോടോപ്പുകളുടെ അളവ് അറിഞ്ഞാൽ ഡോസ് നിരക്ക്(Dose rate) അറിയാം. ഇതാണ് സമവാക്യത്തിലുപയോഗിക്കുന്ന D. ഇത് ആൽഫ കൌണ്ടർ, ഗാമ കൌണ്ടർ എന്നിവയിലൂടെ സാധ്യമാണ്. അങ്ങനെ നമുക്ക് മണൽത്തരികളിലെ വെളിച്ചത്തിൽനിന്ന് ഇന്നലെകളെ അറിയാനാകുന്നു.
OSL/ TL-Dating ന്റെ ഏറ്റവും വലിയ സവിശേഷത ഈ മണൽത്തരികൾക്ക് സമയത്തെ പൂജ്യത്തിലേക്ക് സെറ്റ് ചെയ്യാനാകും എന്നതാണ്! (setting clock to zero). എപ്പൊഴൊക്കെ ഈ മണൽത്തരി പ്രകാശം കാണുന്നുവോ അല്ലെങ്കിൽ ഉന്നത താപം നേരിടുന്നുവോ അപ്പൊഴെല്ലാം അത് അടക്കിവച്ചിരിക്കുന്ന സിഗ്നൽ നശിച്ച് പോകുന്നു (നാം ലാബിൽ ചെയ്യുന്ന പ്രകാശ/ താപ ഉത്തേജനം പ്രക്രുതിക്ക് ചെയ്യാമല്ലോ!) അതിനാൽ മണൽത്തരി തരുന്ന പ്രായം അത് എപ്പോൾ പ്രകാശത്തിൽനിന്ന് അകറ്റിനിർത്തപ്പെട്ടു അല്ലെങ്കിൽ എപ്പോൾ അവസാനമായി ഉന്നത താപം അനുഭവിച്ചു എന്നതാണ്. അതിനാൽ ഇതിലൂടെ നമുക്ക് ഭൌമ നിഷേപത്തിന്റേയോ അഗ്നിപർവ്വത വിസ്ഫോടനത്തിന്റേയോ കാലം ഗണിക്കാവുന്നതാണ്!
നദീ നിക്ഷേപങ്ങൾ (വെള്ളപ്പൊക്കം പോലുള്ളവ), ഹിമ നിക്ഷേപങ്ങൾ, കടൽ നിക്ഷേപങ്ങൾ( സുനാമി), മരുഭൂമി പ്രദേശങ്ങളിലെ കാറ്റിന്റെ നിക്ഷേപങ്ങൾ എന്നിവ പഠിക്കുന്നതിൽ ലൂമിനസൻസ് ഡേറ്റിങ്ങ് വളരെയധികം വിജയം കാണുന്നു.
ഇത്രയൊക്കെ ഗുണങ്ങൾക്ക് പുറമെ ചില ദോഷങ്ങളും ഇതിനില്ലാതില്ല. ഒന്നാമതായി കാലഗണനയുടെ പരിധി ഒന്നോ രണ്ടോ ലക്ഷം മാത്രമാണ് ക്വാർട്സിൽ. ഫെൽഡ്സ്പാർ ഉപയോഗിച്ചാൽ ഇത് വർധിപ്പിക്കാവുന്നതാണ്. എന്നാൽ ഇതിന് മറ്റൊരു ദോഷമുണ്ട്. ഇത് ലീക് ഉള്ള ഒരു ബീക്കറിനെപ്പോലെയാണ്. കാലം ചെല്ലുന്തോറും ഇതിലെ സിഗ്നൽ കുറഞ്ഞ് വരുന്നു. ഈ ലീക്കിനെ കുറിച്ചുള്ള പഠനം നടന്നുകൊണ്ടിരിക്കുന്നു. മറ്റൊരു പ്രശ്നം മണൽ തരികളുടെ പൂജ്യം സെറ്റിങ്ങിലാണ്. അഥവാ മണൽത്തരികൾ നിക്ഷേപ സമയത്ത് വേണ്ടത്ര വെളിച്ചം കാണുകയോ താപം അനുഭവിക്കുകയോ ചെയ്തില്ലെങ്കിൽ നമുക്ക് കിട്ടുന്ന പ്രായം നിക്ഷേപ പ്രായത്തിനേക്കാൾ കൂടുതലാകും. സാമ്പിളുകളുടെ ശ്രദ്ധയോടെയുള്ള തിരഞ്ഞെടുക്കൽ ഇതിന് ഒരു പരിഹാരമാണ്.
ലൂമിനസൻസ് ഡേറ്റിങ്ങ് അതിന്റെ പ്രാരംഭ ദിശയിലാണ്. ഇന്ത്യയിൽ ഇതിന്റെ ഗവേഷണം നയിക്കുന്നത് പ്രധാനമായും PRL(Physical Research Laboratory, Ahmadabad) ആണ്. കൂടാതെ NGRI, Wadia ഹിമാലയ പഠന കേന്ദ്രം, മണിപ്പൂർ സർവകളാശാല എന്നിവിടങ്ങളിലും ഗവേഷണം നടന്നു വരുന്നു. കാലഗണനയുടെ പരിധി കൂട്ടാനും സിഗ്നൽ ചോർച്ചകളെക്കുറിച് (signal leakage) പഠിക്കാനും പൂർണ്ണമായും പൂജ്യം സെറ്റ് ചെയ്യുന്ന സിഗ്നലുകളെ കണ്ടെത്താനുമുള്ള പഠനം നടന്നുകൊണ്ടിരിക്കുകയാണ്.
വെള്ളാരങ്കല്ലുകൾക്ക് പറയാനേറെയുണ്ട്. ശാസ്ത്രലോകം ശ്രമിക്കുന്നത് അവയുടെ ഭാഷ പഠിക്കാനാണ്! അവയുടെ ഇനിയും പറഞ്ഞ് തീരാത്ത അൽഭുതങ്ങൾക്കായി നമുക്ക് കാത്തിരിക്കാം..!!!

2010, ജൂൺ 4, വെള്ളിയാഴ്‌ച

ഉസ്ക്കൂള്‍ പോക്ക്‌ ..........

മഴനനഞ്ഞൊലിച്ചിറങ്ങി-

ച്ചളിവെള്ളം ചവിട്ടിച്ചളിപ്പന്ത്‌ കളിച്ച്‌
ചേമ്പി കുടക്കുള്ളിലും നനഞ്ഞൊട്ടി

പരീക്ഷപ്പേപ്പര്‍ ക്കപ്പലൊഴുക്കി

പാടൊം തോടുമൊന്നായതില്‍ വാഴപ്പിണ്ടിയിറക്കി

ഒരു ഗട്ടറിനെയും കൂസാത്ത സൈക്കിള്‍ട്ടയര്‍ വണ്ടിയുരുട്ടി
ഉസ്കൂള്‍ പന്തലില്‍ എത്തണേനു പകരം



കതകടച്ച്‌ കമ്പ്യുട്ടര്‍ ഗെയിം കളിച്ച്‌
ഉള്ളില്‍ കാറ്റുതട്ടാ ഷൂവണിഞ്ഞ്‌
മോഡല്‍ പേപ്പറില്‍ ഡാഡീഡെ സൈന്‍ വാങ്ങി
സര്‍ക്കാര്‍പ്പിള്ളേര്‍ക്കു നേരെ ഗട്ടര്‍ച്ചെളി തെറിപ്പിക്കുന്ന ബസ്സില്‍

ഫൈവ്സ്റ്റാര്‍ സ്കൂളണയാനും വേണം ഒരു ഭാഗ്യം.......!!

2010, മേയ് 27, വ്യാഴാഴ്‌ച

നിശ്ശബ്ദ കവിതകള്‍ --I

1

ചിപ്പികള്‍ കോര്‍ത്ത് മാലയിട്ടു നടക്കുമ്പോള്‍
ആരറിഞ്ഞു അതിലൊരു
കടല്‍ വറ്റിക്കിടപ്പുണ്ടെന്ന്.....

ഇല്ല. ഞാനിനി മഴവില്‍നിറങ്ങളെ
തേടിയലയില്ല
ആ അരിവാള്‍ മൂര്‍ച്ഛയില്‍
ഞാനറുക്കപ്പെട്ടാലോ....

2

എന്ത്....
ഞാനെന്തിനീ
മഞ്ചാടി മണികള്‍ പെറുക്കുന്നുവെന്നോ...

അതില്‍ നാം
പരസ്പരം നഷ്ടപ്പെടുത്തിയ കാലം
ഒളിച്ച് കിടപ്പുണ്ട്

അടവെച്ചടവെച്ചതിനെയെനിക്ക്...
ക്ഷമിക്കണം..
നമുക്ക് വിരിയിക്കണം.


3

വാക്കുകള്‍ക്കിടയില്‍ നീകുറിക്കുന്ന
മൗനത്തിലൂടെയാണ്
ഞാന്‍
നിന്നെ കേള്‍ക്കുന്നത്


4

വഴിവിളക്കുകള്‍ നമുക്കെന്താണ് നല്‍കുന്നത്..?
വെളിച്ചം?
വഴി?
ജീവിതം?

അല്ല

ഇരുള്‍നിറഞ്ഞ യാത്രയില്‍
വഴികള്‍ നല്‍കുന്ന
സ്നേഹോപഹാരങ്ങളാണ്

ഈ വഴിവിളക്കുകള്‍

2010, മേയ് 26, ബുധനാഴ്‌ച

ബലി


നനഞ്ഞൊലിച്ച്
ഒരു
കാക്ക പറന്നു പോയി.

വെള്ളമണലില്‍
എള്ളിന്‍ കറുപ്പുപകര്‍ന്നു.

രണ്ടു നീര്‍ത്തുള്ളികൂടി
പുഴയെടുത്തു.

അകലങ്ങളിലെവിടെനിന്നോ
ഒരു നനഞ്ഞ കയ്യടി പ്രതിദ്ധ്വനിച്ചു.

ത്രികോണം

കടലിലൊരു ത്രികോണമുണ്ടത്രേ...

കണ്ണില്‍ കാണുന്നവയെയൊക്കെ വലിച്ച്

തന്നോടു ചേര്‍ക്കുന്നൊരു ത്രികോണം!

അതിലകപ്പെട്ടവരാരും പിന്നെ ഒരിക്കലും

രക്ഷപ്പെട്ടിട്ടല്ലത്രേ.......

ഞാനപ്പോളേ നിന്നോട് പറഞ്ഞതല്ലേ

കടലും കവിതകളെഴുതാറുണ്ടെന്ന്.......?

2010, മേയ് 16, ഞായറാഴ്‌ച

മുള്ള്


ആദ്യം അത് എന്റെ ചോര തന്നെയാണെന്നാണു

കരുതിയത്.......

പിന്നെ
കുത്തിപ്പഴുത്തപ്പോളാണു അതിന്റെ നിറം മാറ്റം

കണ്ണില്‍പ്പെട്ടത്.....

മറയായിരുന്ന ചുവപ്പ് നീങ്ങി
നീലിച്ചിരിക്കുന്നു...

പ്രാണന്‍ പോകുന്ന വേദനയോടെ

ഞാനതിനെ വലിച്ചൂരി.....

അപ്പോളാണു അത് തടുത്ത് നിര്‍ത്തിയിരുന്ന

ചോരയെ.....ചുവന്ന ചൊരയെ...

ഞാന്‍ കാണുന്നത്..........

2010, മേയ് 6, വ്യാഴാഴ്‌ച

എങ്ങിനെ ?

അരിഞ്ഞ ചിറകുകളുടെ ചോരമണം

ഇതുവരെ പോയിട്ടില്ല

അഴികലാല്‍ തീര്ത്ത മുറിപ്പാടുകളുമായി

പകുതി മിടിക്കുന്നൊരു ഹൃദയത്തിന്റെ

നീറുന്ന തേങ്ങല്‍ ഇപ്പോഴും മായാതെ .....

വേദനിപ്പിക്കനായ് മിന്നിമറയുന്നു

സ്വാതന്ത്ര്യത്തിന്റെ വിദുര ചിത്രങ്ങള്‍ .

പറയാനാവാതെ പോയ തെറിവാക്കുകള്‍

നാവു പൊള്ളിച്ചുകൊണ്ടേയിരിക്കുന്നു*

പറയു വായനക്കാരീ/രാ

എങ്ങിനെയാണ് കവിത സ്വതന്ത്രയാകുക ?

2010, മേയ് 2, ഞായറാഴ്‌ച

ഇതിഹാസം


ഒടുവില്‍ ഞാനീ കെട്ട് പൊട്ടിക്കും

ആ ഒഴുക്കില്‍ നിനക്കു പിടിച്ചുനില്‍ക്കാനാവില്ല

ഒഴുകിയൊഴുകി നീ അജ്ഞാത തീരങ്ങളില്‍ ചെന്നടിയും

യുഗങ്ങളോളം മണ്ണിനടിയില്‍ തപസ്സു ചെയ്യും

ഒടുവിലൊരുനാള്‍ മഴയായി ഞാന്‍ നിന്നിലേക്ക്‌ പെയ്യും

മൃതിയില്‍നിന്ന്‍ മറ്റൊരു ജീവനിലേക്ക് നാം കുതിക്കും

പിറ്റേ ദിവസം ആ കരയില്‍ ഒരു ചുവന്ന പുഷ്പം

വിരിഞ്ഞു നില്‍പ്പുണ്ടാവും....

2010, മാർച്ച് 11, വ്യാഴാഴ്‌ച

മായാവിയും ഭൗതിക ശാസ്ത്രവും-- സാമ്യങ്ങള്‍


ഓം ഹ്രീം കുട്ടിച്ചാത്താ.......

കഴിഞ്ഞ നാലഞ്ച്‌ ശതകങ്ങളായി നമ്മെ കാത്തു രക്ഷിക്കുന്ന മായാവി നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെ.....
അനുദിനം വള ര്‍ന്നു വരുന്ന ശാസ്ത്ര പുരോഗതിയെക്കുറിച്ചാണു നാം ഇവിടെ പറയാനുദ്ദേശിക്കുന്നത്. എത്ര വലിയ കണ്ടുപിടിത്തമായാലും ശരി അത് മായാവി കഥകളിൽ മുന്നേ പറഞ്ഞ് വച്ചിട്ടുള്ളതാണ്. ഇത് ഒരു മഹാൽഭുതമല്ല എന്ന് നമുക്കറിയാം. എന്തെന്നാല്‍ വര്‍ഷങ്ങളായി നാം മായാവി കടാക്ഷത്തില്‍ കഴിയുന്നവരും അവന്റെ ത്രികാലജ്ഞാനത്തെക്കുറിച്ച് അറിവുള്ളവരുമാണല്ലോ..... എന്നാലും അജ്ഞര്‍ക്കായി നാം ആ സാമ്യങ്ങള്‍ വിവരിച്ചു കൊടുക്കണമല്ലോ...

1. മായാവി എല്ലായിടത്തും പറന്നുകളിക്കുന്ന ഒരു ചലിച്ചുകൊണ്ടിരിക്കുന്ന സംഭവമാണ് -- All molecules are in a state of vibration.


2. മായാവിയെ ഒരിക്കലും നശിപ്പിക്കാനാവില്ല --- Law of conservation of energy


3.മായാവിയെ എളുപ്പത്തില്‍ പിടിക്കാനാവില്ല --- uncertainty principle


4. മായാവീടെ കൂടെ എപ്പോഴും മന്ത്രവടി കാണും --- particle property of waves


5. കേറടാ മായാവീ കുപ്പിയില്‍ എന്നു പറഞ്ഞാല്‍ മായാവി പുകയായി കുപ്പിയില്‍ കേറും-- dual nature of particle and waves


6. ലുട്ടാപ്പീടെ കുന്തം---- vector quantity


7. ഭീം ഭോം നീളട്ടെ --- ladder or creation operator in QM


8. മന്ത്രം ചെല്ലുംപോള്‍ ലുട്ടാപ്പിക്ക് കനം കൂടി കുന്തത്തീന്നു വീഴുന്നത്--- creation of Higgs boson to produce Higgs field which gives the mass for quarks


9. കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയും ചേര്‍ന്ന കുടുംബം-- up, down and charm quarks to produce baryons


10. രാജൂനും രാധക്കും അപകടം പറ്റിയാല്‍ മായാവി ഉടന്‍ അറിയുന്നത് ---- റഡാര്‍ സംവിധാനം


11. കാര്യങ്ങള്‍ മുങ്കൂട്ടി അറിയുന്നത് --- ടാക്കിയോണുകള്‍ മുഖേന


12. ഇവിടെ നിന്നു വടി വീശിയാല്‍ ഒരുപാടകലെ ഫലം കിട്ടുന്നത്-- Quantum entanglement


13. ഡാകിനിയുടെ ചുരുണ്ട മുടി----String theory


14. മായാവിയെ അടക്കുന്ന കുപ്പി -- തമോഗര്‍ത്തം


15. മന്ത്രം ജപിച്ചാല്‍ എത്ര അകലെയെങ്കിലും മായാവി കേള്‍ക്കുന്നത്---resonance of sound


16. മായാവീടെ വാല്‍--- ധൂമകേതുക്കളുടെ burning tail


എനിയുമുണ്ട് ഒരുപാട്. പറഞ്ഞാ തീരില്ല... മായാവി വിലാസം .എല്ലാം അവന്റെ കളികളല്ലേ....

2010, മാർച്ച് 3, ബുധനാഴ്‌ച

ഹെയ്തി- ഒരു മരണം കൂടി


ദൂരദര്‍ശനത്തിന്റെ മായക്കാഴ്ച്ചകളില്‍

സുഖ ശീതള സോഫയിലൊരു

പ്രാതലിന്നാലസ്സ്യവുമായി

വെറുതേയിരിക്കുംപോള്‍

നേര്‍ക്കാഴ്ച്ചയൊന്നുള്ളില്‍ക്കയറി,

ദഹിക്കാത്ത ദോശയില്‍ക്കലര്‍ന്ന്,

വിഷംതീണ്ടി ഞാന്‍ മരിക്കുന്നു.

2010, ജനുവരി 24, ഞായറാഴ്‌ച

പര്‍വീണ്‍ സുല്‍ത്താനയുടെ ആലാപ്...

അനന്തപുരിയില്‍ നിശാഗന്ധി ഫെസ്റ്റിവെല്‍....
ഹിന്ദുസ്ഥാനി സംഗീത രാജ്ഞി പര്‍വീണ്‍ പാടുന്നു.
ആലാപ്.... ഖയാല്‍......
കാല്‍വിരലുകളിലൂടെ തരിച്ചു കയറുന്നു... സംഗീതം...
ഇല്ല ചുറ്റും ആരുമില്ലാത്ത പോലെ....
നിറഞ്ഞ് കവിഞ്ഞ്...
മനസ്സിലെ ഓരോ ഭാവങ്ങളേയും ഒപ്പിയെടുത്ത്....
അനന്തമായ സംഗീതം....


I cant feel any Thee as divine
Nor any priest nor temple
Here I will say
Not divine music..
But music is the divine.......

വാക്കുകള്‍ തുഛമാകുന്നത് ഇവിടെയാണു...
എവിടെയും അനുഭവിച്ചിട്ടില്ലാത്ത ഒരു...
നന്ദി പര്‍വീണ്‍.....നന്ദി

2010, ജനുവരി 5, ചൊവ്വാഴ്ച

ചില IFFK വിശേഷങ്ങള്‍.....


കറുപ്പും നീലയും സന്‍ചികള്‍ തൂക്കി ഫെസ്റ്റിവെൽ ബുക്ക് മുടിക്കെട്ടുമായി കലാഭവനിൽ തൊഴുതുവണങ്ങി എന്റെ കന്നി ഫെസ്റ്റിവെല്‍.... കന്നിയയ്യപ്പന്‍മാര്‍ രണ്ടെണ്ണം കൂടെയും..!!
ന്യൂ തീയറ്ററിനു മുന്നില്‍.......

സ്വാമിയേ ശരണകിംകിയപ്പ, ബര്‍ഗ്ഗപ്പ, മക്ബലപ്പ......!!!!!

കന്നിയയ്യപ്പന്‍മാര്‍ രതീഷ് മുഖ്തദിര്‍........

അബദ്ധം പിണഞ്ഞു... ഷേവ് ചെയ്തു...ബുദ്ധി.. സോറി.. ബുദ്ധിജീവി ലുക്ക് പോയി..പിന്നെ ജുബ്ബകൊണ്ട് അഡ്ജസ്റ് ചെയ്തു. നികത്താനാവാത്ത മറ്റൊന്ന്.... പെണ്ണ് കൂടെയില്ല.. പിന്നെ എന്ത് IFFK ..!!! എന്ത് ചെയ്യാം അതിനുള്ള പരിതസ്ഥിതി ഇല്ലല്ലോ.....വായനോക്കി നടക്കൽ തന്നെ ശരണം. ത്രിശ്ശൂര്‍ ഫെസ്റിവെല്‍ ആണെങ്കി ഒരു അരക്കൈ നോക്കാമായിരുന്നു. പക്ഷെ സംഗതി തിരുവനന്തപുരമാണു...


അഞ്ജലി മേനോനും ഞങ്ങളും
എല്ലാം പുതുതായിരുന്നു. പൈസ കൊടുക്കാതെ ഓട്ടൊയില്‍ കയറി പോവുന്നത്.. ഒരു സുഖം തന്നെ.... കൈരളി, ധന്യ-രമ്യ, ക്രിപ, കലാഭവൻ, ന്യൂ... വിലസല്‍ തന്നെ...പോരാത്തതിനു ഞങ്ങളുടെ ഫെസ്റ്റിവെല്‍ റൂമും... പേരാമ്പ്രയായ പേരാമ്പ്രയൊക്കെയുണ്ട് അവിടെ. പിന്നെ കൊടുങ്ങല്ലൂരപ്പന്‍മാരും...പിന്നെയും ന്യൂനപക്ഷക്കാര്‍..മലപ്പുറം, വയനാട്, പാലക്കാട്...മേളം തന്നെ.. ആരും മോശക്കാരല്ല.. നാടകം സിനിമ എന്നിങ്ങനെ എല്ലാമേഖലകളിലുള്ളവരാണു...തട്ടുകട ഭക്ഷണം കട്ടന്‍ ചായ, രാത്രിനടത്തങ്ങള്‍...

കോയിന്റെ മണം...!!!!

ഒരുപാട് കാഴ്ച്ചകള്‍.. അഭിനേതാക്കള്‍, സംവിധായകര്‍... എല്ലാവരുമായും തുറന്നു സംസാരിക്കാനുള്ള അവസരം..പത്മപ്രിയ, അന്‍ജലി മേനോന്‍, രന്‍ഞിത്ത്, രേവതി, അന്‍വര്‍ റഷീദ്, ലാല്‍ജോസ് എന്നവര്‍ക്ക് ഞങ്ങളെ കാണാനും സംസാരിക്കാനുമുള്ള പുണ്യം ലഭിച്ചു.

അന്‍വര്‍ റഷീദ് : ഒരു പാലമിട്ടാല്‍...

ര്ഞ്ഞിത്ത് : എതിര്‍പ്പുകള്‍..അനുകൂലനങ്ങളും


ഇറാനില്‍നിന്നു തുടങ്ങി. എന്നാല്‍ അത് ക്ളച്ച് പിടിച്ചില്ല. ഉല്‍ഘാടന ചിത്രവും ഒരൊഴുക്കന്‍ മട്ടായിരുന്നു. രണ്ടാം ദിവസം ചാര്‍ജ്ജ് ആയി. The other bank.... കസക്കിസ്ഥാന്‍ സിനിമ. അതിര്‍ത്തി, ഭാഷ പ്രശ്നങ്ങള്‍ ഒരു കോങ്കണ്ണനായ ബാലനിലൂടെ... നന്നായിരുന്നു..

അല്‍ഭുതപ്പെടുത്തിയത് true noon തന്നെ.. ലളിതം സുന്ദരം...... അത് കണ്ടപ്പോള്‍ തീരുമാനിച്ചു. മേളയിലെ ചിത്രം ഇത് തന്നെ....ബന്ധങ്ങള്‍ക്കിടയിലുള്ള വേലികള്‍.. മതിലുകളല്ല... കുഴിബോംബിനാല്‍ ചുറ്റപ്പെട്ട വേലികള്‍.. ഒരു ഗ്രാമം പെട്ടെന്നു രണ്ട് രാജ്യങ്ങലുടെ അതിര്‍ത്തിയാവുന്നു...വരനും വധുവും രണ്ട് രാജ്യങ്ങളില്‍, അധ്യാപകനും കുട്ടികളും, ക്രിഷിക്കാരനും വ്യാപാരിയും.... ഒരു വേലിക്കപ്പുറമിപ്പുറം പങ്കു വക്കുന്നു.. പ്രണയം, അറിവ്, സാധനങ്ങള്‍...


പെന്നെക്കിന്‍റെ ഒരു സിനിമ കണ്ട് വട്ടായി.... അടുത്തത് (ploy) നന്നായിരുന്നു..... ആന്‍റിക്രൈസ്റ്റ് കാണാനായില്ല. കൂടെയുള്ള കന്നിസ്വാമിമാര്‍ കണ്ട് പേടിച്ചു. കിംകിയുടെ dream അടിയുണ്ടാക്കി കണ്ടു.. മനോഹരം വ്യത്യസ്തം....മലയാളം കണ്ടത് 'സൂഫി പറഞ്ഞ കഥ' മാത്രം.... നിരാശ.....



ജപ്പാനീസ് സംവിധായകനായ Mikiko Naruse ന്‍റെ രണ്ട് സിനിമകള്‍ കണ്ടു.. രണ്ടും സ്ത്രീപക്ഷ സിനിമകള്‍...അംപതുകളിലെ ജപ്പാന്‍ സമൂഹ ചിത്രവും... ക്യൂബന്‍ ക്ളാസിക് ആയ ലാസ്റ്റ് സപ്പര്‍ കണ്ടു. ഉറങ്ങാന്‍ വേണ്ടി തീയറ്ററില്‍ കേറിയതായിരുന്നു ക്ഷീണം കാരണം. പക്ഷെ ഞട്ടിപ്പോയി...തികച്ചും കീഴാളരുടെ , നീഗ്രോകളുടെ , ദളിതരുടെ പക്ഷത്തു നില്‍ക്കുന്ന ഒന്ന്...... തകര്‍ത്തുകളഞ്ഞു...


ഇറാക്കില്‍നിന്നുള്ള വിസ്പര്‍ വിത്ത് ദ വിന്‍ഡ് ഗംഭീരമായിരുന്നു. പലപ്പോളും നാം മറന്നു പോകുന്ന കുര്‍ദ്ദ് പ്രശ്നം.......അനിര്‍വചനീയമായ ഫോട്ടോഗ്രാഫി... the time that remains ഉം ലാസ്റ്റ് സപ്പറിന്‍റെ അനുഭവമാണു തന്നത്. വിശ്രമിക്കാന്‍ പോയി. അസ്വസ്ഥനായി മടങ്ങി... ഗാസ......യുദ്ധ മുറവിളികളുടെ പ്രേതാലയം....പട്ടാളക്കാര്‍ ഒരു നാട്ടിന്‍പുറത്തെ പെണ്‍കുട്ടിയോട് പറയുന്നു കറങ്ങാതെ വീട്ടില്‍ പോ.. അവള്‍ തിരിച്ചടിക്കുന്നു... വീട്ടിലേക്ക് മടങ്ങേണ്ടത് നിങ്ങളാണു........!!!

'മസാഞ്ചലസ്‌' ഒരു വിപ്ലവത്തിന്‍റെ കഥയാണു. അവസാനമൊഴികെ എല്ലായിടത്തും ഒരു ഇടതു ബോധം ജ്വലിപ്പിച്ചിട്ടുണ്ട്. ഫ്ലൈ ഇന്‍ ദ ആഷസ് ഉം നന്നായിരുന്നു. എബൗട്ട് എല്ലി, മൈ സീക്രട്ട് സ്കൈ തുടങ്ങിയ ചില സിനിമകള്‍ നഷ്ട്ടപ്പെട്ടു. ലൗ അറ്റ് ദ വീക്ക് എന്‍ഡ് പോലുള്ള സിനിമകള്‍ എന്തിനുവേണ്ടി എടുത്തു എന്നുപോലും സംശയം തോന്നി. പണ്ടാരാണ്ടോ ഫെസ്റ്റിവെലിനെ "ഫാമിലിയായി 'എ' പടങ്ങള്‍ കാണാവുന്ന സ്ഥലം" എന്നു പറഞ്ഞത് ഓര്‍ത്തു പോയി.സിനിമക്ക് വേണ്ടിയുള്ള ശരീര പ്രദര്‍ശനമല്ല; ശരീര പ്രദര്‍ശനത്തിനുള്ള സിനിമ!!!!

സിനിമകളുടെ അനുഭവം വച്ച് നോക്കുംമ്പോള്‍ ഇതു ത്രിശ്ശുര്‍ ഫെസ്റ്റിവെലിനടുത്ത് വരില്ലെങ്കിലും ഒരു വ്യത്യസ്തമായ സിനിമ അന്തരീക്ഷം തരാന്‍ IFFK ക്ക് കഴിഞ്ഞു. മുഴുവന്‍ സിനിമയില്‍ ജീവിച്ച ഒരാഴ്ച... ചര്‍ച്ചകളും കാഴ്ചകളും എല്ലാം സിനിമ തന്നെ... അവസാനം സംഘാടകരില്‍ പ്രധാനിയായ ബീന പോളിനോട് നന്ദിയും പറഞ്ഞ് മലയിറങ്ങി...

എല്ലാ സുഹ്രുത്തുക്കളോടും അടുത്ത ഫെസ്റ്റിവെലില്‍ കാണാം എന്നു ആത്മാര്‍ഥമായി യാത്രപറഞ്ഞ് ഭൂമിയിലേക്ക്..ഒരുപാട് പുതിയ ജീവിത കാഴ്ചകളുമായി...